യുദ്ധം ചെയ്ത് പാകിസ്താനെ നാല് തുണ്ടങ്ങളാക്കണം: സുബ്രഹ്മണ്യന് സ്വാമി
text_fieldsമുംബൈ: കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. യുദ്ധം ചെയ്ത് പാകിസ്താനെ നാല് കഷ്ണമാക്കുന്നത് മാത്രമാണ് പാകിസ്താന്റെ പെരുമാറ്റത്തിന് അർഹമായി മറുപടി. വിഷയത്തിൽ ഇന്ത്യ അങ്ങനെ ഒരു സ്ഥിരമായ പരിഹാരത്തിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ കുടുംബത്തോട് പാകിസ്താന് മോശമായി പെരുമാറിയതിനെക്കുറിച്ച് പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപദീ വസ്ത്രാക്ഷേപത്തിന് സമാനമാണ് താലിയും സിന്ദൂരവും മാറ്റിയ നടപടി. പാകിസ്താന്റെ സമീപനം അംഗീകരിക്കാനാകാത്തതാണെന്നും ഇത് നയിക്കുന്നത് യുദ്ധത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. യുദ്ധം പെട്ടെന്ന് തുടങ്ങണമെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ അതിനുള്ള ഗൗരവകരമായ നീക്കങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്നാല്‍ പാര്‍ട്ടിക്കും ഈ അഭിപ്രായമാണ് ഉണ്ടാകാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ചികിൽസക്ക് വേണ്ടിയാണെങ്കിൽ പോലും പാകിസ്താനികൾക്ക് വിസ നൽകുന്നത് ഇന്ത്യ നിറുത്തിവെക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ക്രിസ്മസ് ദിനത്തിലാണ് ഇസ്ലാമാബാദിലെ വിദേശകാര്യാലയത്തിൽ മാതാവ് അവന്തി ജാദവ്, ഭാര്യ ചേതൻകുൾ എന്നിവർക്ക് ജാദവിനെ കാണാൻ പാക് അധികൃതർ അവസരം ഒരുക്കിയത്. എന്നാൽ, ഒരു ചില്ലുമറക്ക് ഇരുവശവും ഇരുത്തി, ഇൻറർകോമിലൂടെ സംസാരിക്കാൻ മാത്രമാണ് അനുവദിച്ചത്. കൈ തൊടാൻപോലും അവസരമില്ലാതെ ഇത്തരത്തിൽ 45 മിനിറ്റ് കൂടിക്കാഴ്ചയാണ് നടന്നത്.
ഇത്തരമൊരു കൂടിക്കാഴ്ച അനുവദിച്ചത് മാനസികമായി പീഡിപ്പിക്കുന്ന ഒന്നായി മാറുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ കുറ്റപ്പെടുത്തി. പാക് അധികൃതർ മോശം രീതിയിൽ പെരുമാറി. ഇരുവരും വേഷം മാറ്റാൻ നിർബന്ധിതരായി. മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ മാതാവിനെ അനുവദിച്ചില്ല. സുരക്ഷയുടെ പേരിൽ സാംസ്കാരികവും മതപരവുമായ വൈകാരികതകളെ കുത്തിനോവിച്ചു എന്ന് രവീഷ്കുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.