ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം -മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: മൗലികാവകാശമായ സ്വകാര്യതയിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈകോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിക്ക് സ്വീകാര്യമല്ലെന്ന് മദ്രാസ് ഹൈകോടതി വ്യക്തമാക്കി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കോൾ രേഖകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ജി. ആർ. സ്വാമിനാഥൻ പറഞ്ഞു.
ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല. സ്വകാര്യത അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഭാര്യയുടെ കോൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് മോഷ്ടിച്ചതായി വ്യക്തമാകുന്നതിനാൽ “ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റം” നടന്നിട്ടുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.
വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികൾക്ക് പരസ്‌പര വിശ്വാസം ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇത് തെളിയിക്കാനാണ് കോൾ ഹിസ്റ്ററി വിവരങ്ങള്‍ കോടതിയില്‍ നല്‍കിയത്. താനറിയായെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയില്‍ ഹരജി നല്‍കിയെങ്കിലും അത് തള്ളി. അതിനെതിരേയാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.