കോട്ടയിലെ വിദ്യാർഥി ആത്മഹത്യ തടയാൻ വിചിത്ര വഴി: ഫാനുകൾക്ക് സ്പ്രിങ് ആക്ഷൻ, വിമർശനവുമായി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ എൻട്രൻസ് പരീക്ഷാ കോച്ചിങ് ഹബ്ബായ കോട്ടയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യ ചെറുക്കാൻ വിചിത്രമായ മാർഗം അവലംബിച്ച് ഭരണകൂടം. വിദ്യാർഥികളുടെ കിടപ്പുമുറികളിലെ സീലീങ് ഫാനുകൾക്ക് സ്പ്രിങ് ആക്ഷൻ നൽകാനാണ് സർക്കാർ നിർദേശം. എന്നാൽ, ഫാൻ മാറ്റിയാൽ തീരുന്നതല്ല പ്രശ്നമെന്നും വിദ്യാഭ്യാസ രീതി പൊളിച്ചെഴുതുകയും വിദ്യാർഥികൾക്ക് മാനസിക പിരിമുറുക്കം കുറക്കാൻ കൗൺസലിങ് നൽകുകയുമാണ് വേണ്ടതെന്നും നെറ്റിസൺസ് പ്രതികരിക്കുന്നു.
വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ കേസുകൾ കുറയ്ക്കുന്നതിനായി കോട്ടയിലെ എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിന്റെ പ്രവർത്തന രീതി വിശദമാക്കുന്ന വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ചിരുന്നു. ഭാരം ചെലുത്തുമ്പോൾ ഫാൻ മോട്ടോറും ലീഫും സഹിതം താഴേക്ക് ഊർന്നുവരുന്നതാണ് വിഡിയോയിലുള്ളത്.
കോട്ടയിൽ ഈ വർഷം ഇതുവരെ 20 വിദ്യാർഥികളാണ് സമ്മർദം മൂലം ജീവനൊടുക്കിയത്. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഹോസ്റ്റലിൽ 18 വയസ്സുള്ള വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മാസം കോട്ടയിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. രണ്ട് ഐഐടി-ജെഇഇ എൻട്രൻസ് വിദ്യാർഥികളും ഒരു നീറ്റ്-യുജി എൻട്രൻസ് വിദ്യാർഥിയും ഉൾപ്പെടെ മൂന്ന് കോച്ചിങ് വിദ്യാർഥികൾ ഈ മാസം മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കുറഞ്ഞത് 15 വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യയിൽ കോട്ട ജില്ല ഭരണകൂടം ആശങ്ക പങ്കുവച്ചു. ഹൈകോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തെ തുടർന്ന് മനഃശാസ്ത്രപരമായ സമീപനം സ്വീകരിക്കാനും വിദ്യാർഥികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.