പഞ്ചാബിലെ മദ്യ ദുരന്തം: മരണം 86
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. ടാൺതരൺ, അമൃത്സർ, ബടാല എന്നിവിടങ്ങളിലാണ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തെന്നും ഒളിവിൽ കഴിയുന്ന കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ്.പി.എസ്. പർമർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച അമൃതസറിലെ മുച്ച്ഹൽ ഗ്രാമത്തിൽ നിർമിച്ച് വിവിധ കേന്ദ്രങ്ങളിൽ വിൽപന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്. മരിച്ചവരുടെ ബന്ധുക്കൾ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. ദുരന്തത്തിന് ഇരയായ കൃപാൽ സിങ്ങിെൻറ ബന്ധുക്കൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൃതദേഹവുമായി പ്രതിഷേധിച്ചു. വ്യാജ മദ്യ മാഫിയയെ അമർച്ച ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അമൃത്സർ-ഡൽഹി ദേശീയപാത ഉപരോധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സ്ഥലം സന്ദർശിച്ച ജസ്ബിർ സിങ് ഡിംപ എം.പി മരിച്ചവരുടെ ബന്ധുക്കൾക്ക് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇത് അപര്യാപ്തമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പഞ്ചാബ് സർക്കാർ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. ജലന്ധർ ഡിവിഷനൽ കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷിക്കുക. അതേസമയം, പ്രതിപക്ഷമായ ശിരോമണി അകാലിദൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.