സ്പുട്നിക് വാക്സിൻ നിർമ്മാണം ഇന്ത്യയിൽ തുടങ്ങി; വർഷത്തിൽ 10 കോടി ഡോസ് ഉല്പാദിപ്പിക്കുമെന്ന് നിർമ്മാതാക്കൾ
text_fieldsന്യൂഡൽഹി: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വിയുടെ ഉൽപ്പാദനം ഇന്ത്യയിൽ ആരംഭിച്ചു. ഡൽഹിയിലെ പനേസിയ ബയോടെക്കാണ് നിർമാതാക്കൾ. റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ സഹകരണത്തോടെയാണ് നിർമ്മാണം. വർഷത്തിൽ 10 കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ബാച്ച് സ്പുട്നിക് വാക്സിൻ മോസ്കോയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇന്ത്യയിലെ നിർമ്മാതാക്കൾക്ക് ഉണ്ടെന്ന് ആർ.ഡി.ഐ.എഫ് പ്രസ്താവനയിൽ അറിയിച്ചു.
BREAKING: RDIF and Panacea Biotec launch the production of Sputnik V in India. #India's @PanaceaBiotec now to produce 100 million doses of #SputnikV per year
— Sputnik V (@sputnikvaccine) May 24, 2021
👇https://t.co/zgd0WYNxkV pic.twitter.com/ZNeU4Aqi46
ഏപ്രിൽ 12നാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക് വാക്സിന് കേന്ദ്ര സർക്കാർ നൽകിയത്. കോവിഷീൽഡും കോവാക്സിനും കൂടാതെ മൂന്നാമതൊരു വാക്സിൻ കൂടി രാജ്യത്ത് നിർമ്മാണം ആരംഭിച്ചത് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. രാജ്യം നേരിടുന്ന വാക്സിൻ ക്ഷാമത്തിനും പരിഹാരമാകും.
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വാക്സിൻ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആർ.ഡി.ഐ.എഫിന് പദ്ധതിയുണ്ട്. സുപ്രധാനമായ ചുവടുവെപ്പാണ് ഇതെന്നും രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനേസിയ ബയോടെക് മാനേജിങ് ഡയറക്ടർ ഡോക്ടർ രാജേഷ് ജെയിൻ പറഞ്ഞു.
നിലവിൽ 66 രാജ്യങ്ങളിൽ സ്പുട്നിക് വാക്സിൻ ഉപയോഗത്തിലുണ്ട്. 97.6 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്നിക് വാക്സിന് റഷ്യ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.