ഗുജറാത്തിൽനിന്ന് ആളുണ്ട്, ട്രെയിനില്ല; കർണാടകയിൽനിന്ന് ട്രെയിനുണ്ട്, ആളില്ല
text_fieldsബംഗളൂരു: ലോക്ക്ഡൗൺ കാരണം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളടക്കമുള്ളവരെ കേരളത്തിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ ശ്രമിക് ട്രെയിനുകൾ ഒരുക്കുന്നത് കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ചില സംസ്ഥാനങ്ങളിൽനിന്ന് ആയിരങ്ങൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടും ട്രെയിൻ അനുവദിക്കാൻ അനുകൂല നടപടിയുണ്ടായിട്ടില്ല. എന്നാൽ, മറുവശത്താകെട്ട, മുൻകൂറായി പ്രഖ്യാപിച്ച ട്രെയിനിന് യാത്രക്കാരെ ലഭിക്കാത്തതിനാൽ ട്രെയിൻ പുറപ്പെടുന്നത് നീട്ടിവെക്കേണ്ട സാഹചര്യവുമാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ബംഗളൂരു- തിരുവനന്തപുരം ശ്രമിക് ട്രെയിനാണ് യാത്രക്കാർ തികയാത്തതിനാൽ പുറപെപടുന്ന തീയതി നീട്ടിയത്.
കോവിഡ് ബാധ രൂക്ഷമായ ഗുജറാത്തിലെ അഹമ്മദാബാദ്,സൂറത്ത്, ബറോഡ, രാജ്കോട്ട് എന്നിവയടക്കമുള്ള നഗരങ്ങളിൽനിന്ന് 5000ത്തിലേറെ മലയാളികളാണ് തിരിച്ചുവരവിനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദിനം പ്രതി കോവിഡ് കേസുകളും മരണവും കുത്തനെ ഉയരുന്ന അഹമ്മദാബാദ് നഗരത്തിൽനിന്നുമാത്രം 2000ത്തോളം പേർ മടങ്ങാനുണ്ട്. കേരള, ഗുജറാത്ത് സർക്കാറുകളുടെ നോഡൽ ഒാഫിസർമാർ തമ്മിൽ കത്തിടപാടുകൾ പല തവണ നടന്നിട്ടും ട്രെയിൻ മാത്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഗുജറാത്തിൽനിന്ന് ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്കായി 450 ലേറെ ശ്രമിക് ട്രെയിനുകളാണ് അയച്ചത്.
5088 മലയാളികൾ ഗുജറാത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും അഹമ്മദാബാദിൽനിന്ന് സ്പെഷ്യൽ ട്രെയിൻ അയക്കണമെന്നും ചൂണ്ടിക്കാട്ടി കേരള നോഡൽ ഒാഫിസർ ജെറോമിക് ജോർജ് ഒരാഴ്ച മുമ്പ് ഗുജറാത്ത് സർക്കാറിന് കത്ത് കൈമാറിയിരുന്നു. ആദ്യ ബാച്ചായി 1572 പേരെ അയക്കാമെന്ന് അഹമ്മദാബാദ് കലക്ടർ കെ.കെ. നിരാല മറുപടി നൽകിയെങ്കിലും പിന്നീട് കേരളത്തിെൻറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. റെഡ്സ്പോട്ടായ അഹമ്മദാബാദ് ഒഴിവാക്കി രാജ്കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽനിന്നായി ട്രെയിൻ അനുവദിക്കാനാണ് ഇപ്പോൾ കേരളത്തിെൻറ ശ്രമം.
അതേസമയം, കർണാടകയിൽനിന്ന് കേരളത്തിലേക്ക് ശ്രമിക് ട്രെയിൻ പ്രഖ്യാപിച്ചിട്ടും ആദ്യ ദിവസങ്ങളിൽ യാത്രക്കാരിൽനിന്ന് പ്രതികരണം കുറവാണ്. വ്യാഴാഴ്ച പുറപ്പെടുമെന്ന് പ്രഖ്യാപിച്ച ബംഗളൂരു- തിരുവനന്തപുരം ട്രെയിനിൽ വ്യാഴാഴ്ച രാവിലെ വരെ 800ഉം വ്യാഴാഴ്ച രാത്രിവരെ 1200ഉം പേർ മാത്രമാണ് നോർക്ക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. 1000 രൂപ ടിക്കറ്റ് നിരക്കിൽ 1800 സീറ്റ് കപ്പാസിറ്റിയുള്ള നോൺ എ.സി ചെയർകാർ ട്രെയിനാണ് സർവിസ് നടത്തുക. നോർക്ക വെബ്സൈറ്റ് വഴിയുള്ള പ്രീ- ബുക്കിങ് സംബന്ധിച്ച് ബംഗളൂരു മലയാളികൾക്കിടയിൽ യഥാസമയം വിവരം ലഭിക്കാത്തതാണ് ബുക്കിങ് കുറയാനിടയാക്കിയത്. ആയിരക്കണക്കിനാളുകളാണ് ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങാനുള്ളത്. കർണാടകയിൽനിന്ന് 100 ശ്രമിക് ട്രെയിനുകളാണ് കേരളമൊഴികെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്കായി വ്യാഴാഴ്ച വൈകീട്ടുവരെ യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.