ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന
text_fieldsചെന്നൈ: രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന. മറ്റൊരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും ഇന്ത്യൻ നാവികസേനക്ക് കൈമാറി. അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും രാമേശ്വരം തീരത്ത് വിന്യസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് ബിത്രക്ക് കൈമാറിയതായി തമിഴ്നാട് തീരദേശ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് ഒന്നിന് ഇന്‍റർനാഷനൽ മാരിടൈം ബൗണ്ടറി ലൈനിന് (ഐ.എം.ബി.എൽ) സമീപം രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളുമായി ഒരു യന്ത്രവത്കൃത ബോട്ട് ശ്രീലങ്കൻ നാവികസേനയുടെ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾ വെള്ളത്തിൽ വീണു. ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. മറ്റ് രണ്ട് പേരെ ശ്രീലങ്കൻ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുത്തു മണിയാണ്ടി, മൂക്കയ്യ എന്നിവരെയാണ് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തത്. അനധികൃത മത്സ്യബന്ധനം ആരോപിച്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ശ്രീലങ്കൻ നാവികസേനയുടെ അറസ്റ്റിനെതിരെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു.
തമിഴ്‌നാട് സർക്കാർ പലതവണ കത്തെഴുതിയിട്ടും കേന്ദ്രസർക്കാർ എംബസി തലത്തിലുള്ള ചർച്ചകൾ നടത്താത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ അറസ്റ്റും ജീവഹാനിയും സംഭവിക്കുകയാണെന്ന് വിഷയത്തിൽ പ്രതികരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായവും സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.