തമിഴ്നാട്ടുകാരായ 32 മത്സ്യത്തൊഴിലാളികളെ കൂടി അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
text_fieldsചെന്നൈ: വ്യാഴാഴ്ച പുലർച്ചെ നെടുന്തീവ്, മാന്നാർ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര സമുദ്രാർത്തി മറികടന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ 32 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. അഞ്ചു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ മാർച്ചിൽ മാത്രം ശ്രീലങ്ക പിടികൂടിയ ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ എണ്ണം 58 ആയി. ആറ് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്‌ച രാമേശ്വരം ഫിഷിങ് ഹാർബറിൽ നിന്ന് പുറപ്പെട്ട 480 ബോട്ടുകളിൽ അഞ്ചു ബോട്ടുകളാണ് നെടുന്തീവ്, മാന്നാർ പ്രദേശത്ത് നിന്ന് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. തലൈമാന്നാർ തീരത്ത് നിന്ന് രണ്ട് ബോട്ടുകളും ഏഴ് മത്സ്യത്തൊഴിലാളികളും ഡെൽഫ് ദ്വീപിൽ നിന്നും മൂന്ന് ട്രോളറുകളും 25 മത്സ്യത്തൊഴിലാളികളും നാവികസേനയുടെ പിടിയിലായിട്ടുണ്ട്.
ഇതോടെ 2024ൽ മാത്രം ശ്രീലങ്കൻ നാവികസേന 178 മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 23 ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് കണക്കുകൾ. ഈ മാസം നാവികസേനയുടെ പിടിയിലായ 58 മത്സ്യതൊഴിലാളികളിൽ 37 പേർ പുതുക്കോട്ട, നാഗപട്ടണം സ്വദേശികളാണ്.
അതേസമയം ബോട്ട് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ശ്രീലങ്കയിലേക്ക് പോയ ബോട്ടുടമയെ ഒരു ദിവസത്തെ തടവിന് ശിക്ഷിച്ചത് അപലപനീയമാണെന്ന് മത്സ്യത്തൊഴിലാളി നേതാവ് ജെസുരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെതിരെ മാർച്ച് 26ന് രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.