ശ്രീലങ്കൻ അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല; പ്രത്യേക ക്യാമ്പുകൾ സജ്ജമെന്ന് തമിഴ്നാട്
text_fieldsരാമേശ്വരം (തമിഴ്നാട്): തമിഴ്നാട്ടിലെത്തിയ ശ്രീലങ്കൻ അഭയാർഥികളെ സംസ്ഥാന സർക്കാർ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി. റിമാൻഡിലായ 16 അഭയാർഥികളെ പുലർച്ചെ രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലേക്കാണ് മാറ്റിയത്.
ഇവരെ 15 ദിവസത്തേക്കാണ് രാമേശ്വരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അഭയാർഥികളുടെ ആദ്യ ബാച്ചിൽ ലങ്കയിലെ ജാഫ്ന, കോക്കുപടയ്യൻ സ്വദേശികളായ മൂന്ന് കുട്ടികളടക്കം ആറു പേരും രണ്ടാമത്തെ ബാച്ചിൽ വാവുനിയ ജില്ലയിൽ നിന്നുള്ള 10 പേരുമാണുള്ളത്.
ശ്രീലങ്കൻ അഭയാർഥികളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കുട്ടികളടക്കം ഉള്ളതിനാൽ അഭയാർഥികളെ ജയിലിൽ അടക്കേണ്ടെന്ന നിലപാടാണ് കോടതിയെ സർക്കാർ അറിയിച്ചത്. രാമേശ്വരം, തൂത്തുക്കുടി മേഖലയിൽ നിലവിൽ 108 ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളുണ്ട്. ഇതിൽ 67 ക്യാമ്പുകൾ സജ്ജമാണ്.
ശ്രീലങ്കയിലെ ദാരിദ്ര്യവും ഭക്ഷ്യദൗർലഭ്യവും കണക്കിലെടുത്ത് തമിഴ് വംശജർ കൂട്ടമായി പലായനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്‍റെ തീരസുരക്ഷാ വിഭാവും സ്വീകരിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ നിന്ന് തലൈമന്നാർ വഴി ധനുഷ്കോടിയിലെത്താൻ കഷ്ടിച്ച് മുപ്പതോളം കിലോമീറ്റർ മാത്രമാണ് ദൂരം. ഇതുവഴി ബോട്ടുമാർഗം തമിഴ്നാട്ടിലെത്തുന്ന സംഘം കടലിലൂടെ കേരളക്കരയിൽ വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനും കടത്താനും മറ്റുമായി കേരളത്തിലേക്ക് വരുന്നവരെ കണ്ടെത്തി കടൽ സുരക്ഷ ഉറപ്പാക്കാൻ സേനാ വിഭാഗങ്ങൾക്ക് എ.ഡി.ജി.പി. ഇന്റലിജൻസിന്റെ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശനാണ്യ ദൗർലഭ്യം മൂലം രൂക്ഷമായ സാമ്പത്തിക, ഊർജ പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഈ വർഷത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയുടെ കടബാധ്യത 750 കോടി ഡോളറാണ്. 1948ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള കടുത്ത സാമ്പത്തിക തകർച്ചയാണ് ലങ്ക നേരിടുന്നത്.
രാജ്യത്ത് ഇന്ധനവിതരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാർ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചത് വാർത്തയായിരുന്നു. വൈദ്യുതി തടസം, അവശ്യസാധനങ്ങളായ ഭക്ഷണം, പാചക വാതകം എന്നിവക്കും കടുത്ത ക്ഷാമമാണ്. കടലാസ്, മഷി ക്ഷാമം കാരണം ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.