സ്വയം രംഗത്തിറങ്ങി; രവിശങ്കറിന്റെ അയോധ്യ മധ്യസ്ഥത പൊളിയുന്നു
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തിെൻറ ഉടമാവകാശ തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കാൻ മധ്യസ്ഥനായി സ്വയം രംഗത്തിറങ്ങിയ ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ അയോധ്യയിൽ ചർച്ചക്കെത്തി. എന്നാൽ, തണുത്ത പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. മധ്യസ്ഥനായി രവിശങ്കറെ ആരുംതന്നെ അംഗീകരിക്കുന്നില്ല. സംഘ്പരിവാർ അനുകൂല നിലപാടുകാരനായ രവിശങ്കർ സ്വയം ഏറ്റെടുത്ത ദൗത്യം ഇതോടെ, പൊളിയുന്ന സ്ഥിതിയിലായി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട ശേഷമാണ് രവിശങ്കർ വ്യാഴാഴ്ച രാവിലെ അയോധ്യയിലെത്തിയത്. വിവിധ സംഘടനകളുമായി സംസാരിക്കുന്നതിന് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ, രവിശങ്കർ വിശ്വസ്തനോ നിഷ്പക്ഷനോ അല്ലെന്നാണ് മുസ്ലിംസംഘടനകളുടെ പൊതുനിലപാട്. സംഘ്പരിവാറിെൻറ താൽപര്യപ്രകാരമാണ് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പൊതുകാഴ്ചപ്പാട്. തർക്ക ഭൂമിയിന്മേലുള്ള അവകാശം മുസ്ലിംകൾ ഉപേക്ഷിക്കണമെന്ന അജണ്ടയിൽ കേന്ദ്രീകരിക്കുന്ന ഉപാധികൾ രവിശങ്കർ നേരേത്ത മുന്നോട്ടുവെച്ചിരുന്നു.
ഒത്തുതീർപ്പുചർച്ചകൾക്ക് പൊതുവെ അനുകൂലമായ അന്തരീക്ഷമാണെന്ന് അയോധ്യയിൽ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. പ്രശ്നത്തിൽനിന്ന് പുറത്തു കടക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, ഒത്തുതീർപ്പ് എളുപ്പമല്ല. എല്ലാവരുമായും സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. മധ്യസ്ഥനിർദേശം സംബന്ധിച്ച് എന്തെങ്കിലും നിഗമനത്തിൽ എത്താറായിട്ടില്ല. രാമക്ഷേത്രത്തിന് മുസ്ലിംകൾ എതിരല്ല. അവരിൽ ചിലർക്ക് യോജിക്കാൻ കഴിയില്ലെങ്കിലും, പൊതുവെ രാമക്ഷേത്രത്തിന് അനുകൂലമാണ് മുസ്ലിംകളുടെ നിലപാട് -ശ്രീ ശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടു.
അതേസമയം, സ്വന്തം സന്നദ്ധസംഘടനയും മറ്റും വഴിയുള്ള വിദേശ സംഭാവന, അതുവഴി നേടിയ അവിഹിതസ്വത്ത് എന്നിവ സംബന്ധിച്ച അന്വേഷണത്തിൽ നിന്ന് വഴിതിരിക്കാനുള്ള ശ്രമമാണ് രവിശങ്കർ നടത്തുന്നതെന്ന് ബി.ജെ.പി മുൻ എം.പി രാംവിലാസ് വേദാന്തി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.