13 കേസുകൾ, അറസ്റ്റിലായത് 10 തവണ; ശ്രീകാന്ത് പൂജാരി കലാപകേസിൽ മാത്രം ‘പിടികിട്ടാപ്പുള്ളി’
text_fieldsബംഗളൂരു: കർണാടകയിൽ കലാപകേസിലെ പ്രതിയായ കർസേവകൻ ശ്രീകാന്ത് പൂജാരി 31 വർഷത്തിനുശേഷമാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. 1992ൽ രാമജന്മഭൂമി സമരത്തോടനുബന്ധിച്ച് ഹുബ്ബള്ളിയിൽ നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പേട്ട കേസിലാണ് ഇയാൾ പിടിയിലാകുന്നത്.
1992 ഡിസംബർ അഞ്ചിന് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടെ ന്യൂനപക്ഷ വിഭാഗക്കാരുടെ കടകൾക്ക് തീയിട്ടതുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരിയടക്കം 10 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് 20 വയസ്സുണ്ടായിരുന്ന പൂജാരി എഫ്.ഐ.ആർ പ്രകാരം മൂന്നാം പ്രതിയായിരുന്നു. എന്നാൽ, ഹുബ്ബള്ളി ചന്നപേട്ട് സ്വദേശിയായ ഇയാൾക്കെതിരെ 1992നും 2018നും ഇടയിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട കേസുകളാണ്.
കലാപങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളും മറ്റു കേസുകൾ ചൂതാട്ടവുമായും ബന്ധപ്പെട്ടാണ്. ഇവയിൽ മിക്ക കേസുകളും ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിലാണുള്ളത്. 10 തവണയാണ് വിവിധ കേസുകളിലായി പൊലീസ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ഓരോ തവണയും ജാമ്യത്തിലിറങ്ങുകയായിരുന്നു. കുറച്ചുകാലമായി ഓട്ടോ ഡ്രൈവറായി കഴിയുന്ന ശ്രീകാന്തിനെ കഴിഞ്ഞദിവസമാണ് കലാപ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഈ കാലയളവിനിടെ ഒരിക്കൽപോലും ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കലാപ കേസിൽ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ഏറെ അദ്ഭുതം.
ഓരോ കേസിൽ അറസ്റ്റിലാകുമ്പോഴും പ്രതിയുടെ ക്രിമിനൽ റെക്കോഡ് പൊലീസ് പരിശോധിക്കുന്നത് പതിവാണ്. എന്നിട്ടും കലാപ കേസിലെ പിടികിട്ടാപ്പുള്ളിയാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്ന കാര്യം പൊലീസിന് മനസ്സിലാകാതെ പോയതാണോ, അതോ സൗകര്യപൂർവം മറന്നതാണോ എന്നതാണ് ഉയരുന്ന ചോദ്യം. ഒരു കലാപകേസിലെ മുഖ്യപ്രതികളിലൊരാൾ 31 വർഷമായി പൊലീസിന്‍റെ കൺവെട്ടത്തുണ്ടായിട്ടും മറ്റു കേസുകളിൽ സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടും തിരിച്ചറിയാതെ പോകുകയോ?
ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ 2014ലാണ് ഇയാൾ ഇതിനു മുമ്പ് ഒരു കേസിൽ അറസ്റ്റിലാകുന്നത്. അന്യായമായി തടങ്കലിൽ വെക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഓൾഡ് ഹുബ്ബള്ളി പൊലീസാണ് ശ്രീകാന്തിനെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നാലെ കേസിൽ ജാമ്യത്തിലിറങ്ങി. 10 വർഷമായി ഇയാൾക്കെതിരെ പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെനാണ് റിപ്പോർട്ട്.
അതേസമയം, ശ്രീകാന്തിനെ അറസ്റ്റു ചെയ്ത കർണാടക സർക്കാറിന്‍റെ നടപടി കോൺഗ്രസിനെതിരെ പ്രചാരണായുധമാക്കുകയാണ് ബി.ജെ.പി. കർണാടകയിലെ കോൺഗ്രസ് സർക്കാർ രാമക്ഷേത്രത്തിനും രാമജന്മഭൂമി പ്രവർത്തകർക്കുമെതിരാണെന്നും ഹിന്ദു വിരുദ്ധരാണെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പൂജാരിയുടെ അറസ്റ്റിൽ വിദ്വേഷ രാഷ്ട്രീയം ചേർക്കേണ്ടതില്ലെന്നും കോടതി കുറ്റമുക്തമാക്കുന്നതുവരെ ക്രിമിനലുകൾ എന്നും ക്രിമിനലുകൾ തന്നെയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സ്റ്റേഷനുകളിലെ പഴയ കേസുകളിൽ നടപടി സ്വീകരിക്കുന്നത് പതിവാണെന്നും ഇതുപ്രകാരമാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നും ഹുബ്ബള്ളി- ധാർവാഡ് എസ്.പി രേണുക കെ. സുകുമാർ പറഞ്ഞു. നിലവിൽ ശ്രീകാന്ത് റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.