ശ്രീനഗർ എസ്.എസ്.പി രാകേഷ് ബൽവാൾ മണിപ്പൂരിലേക്ക്
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വീണ്ടും ആളിപ്പടർന്ന പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് തലത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ രാകേഷ് ബൽവാലിനെ മണിപ്പൂരിൽ നിയോഗിച്ചു. 2021 ഡിസംബർ മുതൽ ശ്രീനഗർ സീനിയർ പൊലീസ് സൂപ്രണ്ടായി സേവനത്തിലുള്ള ബൽവാലിനെ കാലാവധി പൂർത്തിയാകും മുൻപാണ് മണിപ്പൂരിലേക്കു മാറ്റിയിരിക്കുന്നത്.
മണിപ്പൂർ കേഡറിലെ 2012 ബാച്ച് ഐ.പി.എസ് ഓഫിസറായ ബൽവാൾ നേരത്തെ ദേശീയ അന്വേഷണ ഏജൻസിയിൽ ഡെപ്യൂട്ടേഷനിലായിരുന്നു. പിന്നീട് അദ്ദേഹത്തെ 2021ൽ എ.ജി.എം.യു.ടി കേഡറിലേക്ക് മാറ്റുകയും ജമ്മു കശ്മീർ പൊലീസിലേക്ക് നിയമിക്കുകയും ചെയ്തു. 2019ലെ പുല്‍വാമ ഭീകരാക്രമണ കേസ് ഉൾപ്പെടെയുള്ളവ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബൽവാൾ.
മണിപ്പൂരിലേക്ക് മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ച് കേസുകളിൽ എത്രയും പെട്ടെന്നു തീർപ്പുണ്ടാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. മേയിൽ തുടങ്ങിയ സംഘർഷം നിയന്ത്രണവിധേയമാക്കാനും അന്വേഷണത്തിനുമായി നാൽപ്പതോളം ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സി.ബി.ഐയുടെ 10 ഉന്നതതല ഉദ്യോഗസ്ഥരെയും മണിപ്പൂരിലേക്കു നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.