ഒാടിച്ച്കയറ്റിയ സൈനിക വാഹനമിടിച്ച് യുവാവ് മരിച്ചു; കശ്മീരിൽ സംഘർഷം
text_fieldsശ്രീനഗര്‍: കശ്മീരില്‍ പള്ളിക്ക് സമീപമുണ്ടായിരുന്ന ആൾക്കൂട്ടത്തിലേക്ക് ഒാടിച്ചുകയറ്റിയ സൈനിക വാഹനത്തിനടിയിൽപ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു. ശ്രീനഗർ നൗഹാട്ട മേഖലയിലെ ജാമിഅ മസ്ജിദിന് പുറത്ത് വെള്ളയാഴ്ച നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൈസർ ഭട്ട് എന്നയാളാണ് ശ്രീനഗറിലെ ഷേറേ കശ്മീർ മെഡിക്കൽ സയൻസ് ആശുപത്രിയിൽ മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാര്‍ സി.ആർ.പി.എഫ് വാഹനത്തിനു നേര്‍ക്ക് കല്ലേറ് നടത്തി.
റമദാൻ മാസത്തിൽ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് സർക്കാർ സൈന്യത്തിന് കർശന നിർദേശം നൽകിയതിനു ശേഷമുണ്ടായ സംഭവം വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുകയായിരുന്ന സൈനിക വാഹനത്തെ ആൾക്കൂട്ടം തടഞ്ഞുനിർത്തുകയും ചിലർ വാഹനത്തിെൻറ പിൻവാതിൽ തുറക്കാൻ ശ്രമിക്കുകയും ഒരാൾ വാഹനത്തിന് മുകളിൽ കയറി കല്ലുകൊണ്ട് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഡ്രൈവർ വാഹനം പുറത്തേക്ക് ഒാടിച്ചതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും സി.ആർ.പി.എഫ് വക്താവ് സഞ്ജയ് ശർമ പറഞ്ഞു.
സംഭവത്തിൽ കല്ലേറ് നടത്തിയതിനും വാഹനം അശ്രദ്ധമായി ഒാടിച്ചതിനും രണ്ട് കേസുകളെടുത്തതായി പൊലീസ് പറഞ്ഞു. അതിനിടെ ജെ.കെ.എൽ.എഫ് ചെയർമാൻ മുഹമ്മദ് യാസീൻ മാലികിനെ അദ്ദേഹത്തിെൻറ വസതിയായ മയ്സൂമയിൽനിന്ന് കസ്റ്റഡിയിലെടുത്തു. മിതവാദി ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മീർവാഇസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലുമാക്കി. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം വ്യാപിക്കാതിരിക്കാൻ മുൻകരുതലെന്ന നിലക്കാണ് നടപടിയെന്ന് പൊലീസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.