പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി
text_fieldsന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈകോടതി ഉത്തരവെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹരജി ഡിസംബർ 13 നു വീണ്ടും പരിഗണിക്കും.
ഇക്കഴിഞ്ഞ ജൂണിലാണ് ഹൈകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലും എൻ.ഐ.എക്ക് വലിയ തിരിച്ചടിയായിരുന്നു. ഇരു കേസുകളിലുമായി എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ.ഐ.എ വാദം തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി പ്രതി ചേർത്തവർക്കാണ് ജാമ്യം. ശ്രീനിവാസൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികൾക്കുമാണ് ജാമ്യം അനുവദിച്ചത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മാൻ,സി.ടി.സുലൈമാൻ, രാഗം അലി ഫയാസ് ,അക്ബർ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
പ്രതികൾ സംസ്ഥാനം വിടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.
ജാമ്യം നിഷേധിച്ച കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ തുടങ്ങിയവർക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകൾ ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. രാജ്യദ്രോഹ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.