നാടകത്തിന്റെ പേരിൽ കത്തോലിക്ക സ്കൂളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ
text_fieldsമുംബൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോൾ സുരക്ഷക്കും പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് ഓർമിപ്പിക്കുന്ന തെരുവ് നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ. മധ്യപ്രദേശിലെ ഖാണ്ഡവ രൂപതക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് കോൺവെന്റ് കത്തോലിക്ക സ്കൂളിനെതിരെയാണ് ഭീഷണി.
ഒക്ടോബർ 21 നാണ് സ്കൂൾ വിദ്യാർഥികൾ ബോധവത്കരണ നാടകം അവതരിപ്പിച്ചതെന്ന് ഖാണ്ഡവ രൂപത അഡ്മിനിസ്ട്രേറ്ററും മലയാളിയുമായ ഫാ. അഗസ്റ്റിൻ മടത്തിക്കുന്നേൽ കത്തോലിക്ക പ്രസിദ്ധീകരണമായ 'ക്രക്സ് നൗ'വിനോട് പറഞ്ഞു.
ദീപാവലി ദിവസം പടക്കങ്ങളുടെ അമിതോപയോഗം വായു മലിനീകരണത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ഉത്സവദിവസങ്ങളിൽ പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്ത് പൊള്ളലേൽക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുരക്ഷിതമായി ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ചും ആയിരുന്നു നാടകമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
എന്നാൽ, നാടകം ഉത്സവത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചതെന്ന് സംഘ്പരിവാർ പ്രവർത്തകർ ആരോപിച്ചു. ഇതിനുപിന്നാലെ, ഒക്ടോബർ 25 ന് ഇവരുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ഹിന്ദു ആഘോഷങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മതസ്പർധ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുത്വ സംഘം പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഖാണ്ഡവ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. അഗസ്റ്റിൻ മടത്തിക്കുന്നേൽ പറഞ്ഞു. 'പടക്കം ഉപയോഗിക്കുന്നതിന്റെ മോശംവശങ്ങളെ കുറിച്ച് സ്കൂൾ കുട്ടികൾ ഒരു തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അവർ ധാരാളം പടക്കം കൊണ്ടുവന്ന് സ്‌കൂളിന് മുന്നിൽ പൊട്ടിച്ചു. അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കി' -അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ഉത്സവത്തിനെതിരെയാണ് നാടകമെന്ന ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. "ഞങ്ങൾ ഏതെങ്കിലും മതത്തിനോ ഉത്സവത്തിനോ എതിരായല്ല പരിപാടി സംഘടിപ്പിച്ചത്. ദീപാവലി ഉത്സവം സുരക്ഷിതമായി ആഘോഷിക്കുന്നതിന്റെ സന്ദേശം കൈമാറാൻ വിദ്യാർഥികൾ ശ്രമിച്ചു. ഹിന്ദു മതത്തിനോ അതിന്റെ പാരമ്പര്യത്തിനോ എതിരായി ഒന്നും ഉദ്ദേശിച്ചിട്ടില്ല" -സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നേഹ മാത്യു പറഞ്ഞു.
ജില്ലയുടെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് പകരം ഈ സാമൂഹിക വിരുദ്ധർ തങ്ങളുടെ ശക്തിയും ഊർജവും നാടിന്റെ വികസനത്തിനായി വിനിയോഗിക്കണമെന്ന് ഖാണ്ഡവ രൂപത വക്താവ് ഫാ. ജയൻ അലക്സ് പറഞ്ഞു. ഈ മാസം ആദ്യം ഇതേ ജില്ലയിലെ സെന്റ് പയസ് കത്തോലിക്ക സ്‌കൂളിലെ പരിപാടിക്ക് പോകുകയായിരുന്ന ഒരു കൂട്ടം ആദിവാസി കുട്ടികളെ ഹിന്ദുത്വവാദികൾ തടഞ്ഞുനിർത്തി ഉപദ്രവിച്ചിരുന്നതായും ക്രക്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.