ആക്സിലറേറ്ററിൽ ബാഗ് വെച്ചു, ട്രെയിൻ മുന്നോട്ട് നീങ്ങി; യു.പിയിലെ ട്രെയിനപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്ത്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം റെയിൽവേ ജീവനക്കാരന്‍റെ പിഴവ് മൂലം. വിഡിയോ കോൾ ചെയ്തുകൊണ്ട് കാബിനുള്ളിൽ വന്ന ജീവനക്കാരൻ ട്രെയിനിനെ മുന്നോട്ട് നീക്കാനുള്ള ആക്സിലറേറ്റർ ലിവറിൽ ബാഗ് വെച്ചതോടെ ട്രെയിൻ മുന്നോട്ട് നീങ്ങി പാളംതെറ്റി പ്ലാറ്റ്ഫോമിൽ ഇടിച്ചുകയറുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10.49നാണ് സംഭവം. ഷാകൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ് (ഇ.എം.യു) ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മുഴുവൻ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിൻ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ലോക്കോ പൈലറ്റ് കാബിനിൽ നിന്ന് ഇറങ്ങുന്നതും ജീവനക്കാരൻ കടന്നുവരുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ കോൾ ചെയ്തുകൊണ്ടാണ് ജീവനക്കാരൻ നിർത്തിയിട്ട ട്രെയിനിന്‍റെ കാബിനിലേക്ക് വരുന്നത്. വിഡിയോ കോളിനിടെ അലക്ഷ്യമായി തന്‍റെ ബാഗ് ട്രെയിൻ ആക്സിലറേറ്റർ ലിവറിനു മുകളിൽ വെക്കുകയായിരുന്നു. ഇതോടെ പെട്ടെന്ന് മുന്നോട്ട് നീങ്ങിയ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി.
അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.