‘ദി എലിഫന്റ് വിസ്പറേഴ്സ്’ താരങ്ങളായ ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ സ്നേഹാദരം
text_fieldsചെന്നൈ: ഓസ്കർ നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയിലെ കഥാപാത്രങ്ങളായ ബൊമ്മൻ- ബെല്ലി ദമ്പതികളെ ചെന്നൈ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു. ഇരുവരെയും പൊന്നാടയണിയിച്ച സ്റ്റാലിൻ ഒരു ലക്ഷം രൂപ വീതവും പ്രശംസാഫലകങ്ങളും കൈമാറി. ഇതോടൊപ്പം തമിഴ്നാട്ടിലെ മുതുമലയിലെ തെപ്പക്കാട്, ആനമലക്കടുത്ത കോഴിക്കാമുത്തി ആന ക്യാമ്പുകളിലെ പാപ്പാന്മാർ ഉൾപ്പെടെ 91 തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ വീതവും ഇവർക്ക് വീടുകൾ നിർമിക്കാൻ 9.10 കോടി രൂപയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ആന ക്യാമ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അഞ്ച് കോടി രൂപയും അനുവദിച്ചു. കോയമ്പത്തൂർ ചാടിവയലിൽ എട്ടു കോടി രൂപ ചെലവിൽ പുതിയ ആന പരിചരണ കേന്ദ്രം സ്ഥാപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
അനാഥയായ ‘രഘു’വെന്ന ആനക്കുട്ടിയെ പരിചരിക്കുന്ന ബൊമ്മൻ- ബെല്ലി ദമ്പതികളുടെ കഥയാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഓസ്കർ അവാർഡ് ലഭിച്ചതോടെ മുതുമല ആനത്താവളത്തിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.