'ഞങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ല', ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്; ബി.ജെ.പിക്ക് മറുപടിയുമായി സ്റ്റാലിൻ VIDEO
text_fieldsചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത് തങ്ങളുടെ ഭീഷണിയല്ലെന്നും മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അറസ്റ്റിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്.
നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ഡി.എം.കെ തയാറാണ്. ഭീഷണിപ്പെടുത്തി ഞങ്ങളെ അനുസരിപ്പിക്കാനാവില്ല. അതിനാണ് ശ്രമിക്കുന്നതെങ്കിൽ നിവർന്ന് തന്നെ നിൽക്കും. അധികാരത്തിന് വേണ്ടി മാത്രം പാർട്ടി നടത്തുന്നവരല്ല ഞങ്ങൾ. ഡി.എം.കെയുടെ പോരാട്ട വീര്യം ഡൽഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു.
വർഗീയവാദം ഉൾപ്പടെ ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ എതിർക്കുന്നവരാണ് ഞങ്ങൾ. ഇവരെ രാഷ്ട്രീയത്തിൽ നേരിടുകയാണ് തങ്ങളുടെ രീതിയെന്നും സ്റ്റാലിൻ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
18 മണിക്കൂറോളം ഇ.ഡി കസ്റ്റഡിയിൽ സെന്തിൽ ബാലാജിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇത്രയും മോശമായ രാഷ്ട്രീയവിരോധം തീർക്കൽ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. സെന്തിൽ ബാലാജിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് തങ്ങൾ ആരും എതിരല്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. അഞ്ച് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായ സെന്തിൽ ബാലാജിയെ തീവ്രവാദിയെ പോലെ ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും സ്റ്റാലിൻ ചോദിച്ചു.
ഡൽഹി, കർണാടക, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അന്വേഷണ ഏജൻസികളുടെ വേട്ടയാടലുണ്ട്. എന്നാൽ, യു.പി, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ ഒരു ഇടപെടലും നടത്തുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
സെന്തിൽ ബാലാജിക്കെതിരായ കേസ്
2011-15 കാലഘട്ടത്തിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. 2013-14ൽ ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനിൽ ഡ്രൈവർ, കണ്ടക്ടർ, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നതാണ് കേസ്. പരാതിയിൽ മദ്രാസ് ഹൈകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2018ലാണ് സെന്തിൽ ഡി.എം.കെയിൽ ചേരുന്നത്. ഇതിനിടെ, 2021ൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്തിൽ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. പരാതിക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നായിരുന്നു വാദം. നിയമനടപടികൾ റദ്ദാക്കി കോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അപ്പീൽ നൽകി. 2021 ജൂലൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിൽ ബാലാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനെതിരെ സെന്തിൽ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ഇതിനിടെയാണ് മേയ് 16നാണ് ഇ.ഡിക്ക് സുപ്രീംകോടതി അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.