‘തമിഴ്‌നാട് പോരാടും, തമിഴ്‌നാട് വെല്ലും’; 72ാം ജന്മദിനത്തിൽ സ്വയംഭരണാവകാശം ആവർത്തിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: തന്റെ 72ാം ജന്മ ദിനത്തിൽ സംസ്ഥാനത്തിന്റെ സ്വയംഭരണത്തോടുള്ള പ്രതിബദ്ധതയും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പോരാട്ടവും സന്ദേശമായി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശനിയാഴ്ച കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച ഡി.എം.കെ അധ്യക്ഷൻ, തമിഴ്‌നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുമെന്നും അണികളോട് പ്രതിജ്ഞ ചെയ്തു.
‘തമിഴ്‌നാട് പോരാടും, തമിഴ്‌നാട് വെല്ലും’ എന്ന് സ്റ്റാലിൻ പറഞ്ഞപ്പോൾ പാർട്ടി പ്രവർത്തകർ അത് ആവർത്തിച്ചു. 1971ൽ 18 വയസ്സുള്ളപ്പോൾ ഒരു പാർട്ടി സമ്മേളനത്തിൽ ഹിന്ദി അടിച്ചേൽപ്പിനെതിരെ കാണിച്ച അതേ വീര്യത്തോടെയാണ് താൻ അതിനെ ഇന്നും എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ ആർ.എൻ. രവി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നു.
‘തമിഴ്‌നാട് മുഖ്യമന്ത്രി തിരു എംകെ സ്റ്റാലിന് ജന്മദിനാശംസകൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ’ എന്ന് ‘എക്‌സി’ൽ ഒരു പോസ്റ്റിൽ മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സ്റ്റാലിനുമായി കൊമ്പുകോർത്ത ഗവർണർ രവി തമിഴിലാണ് തന്റെ സന്ദേശം അറിയിച്ചത്.
സഹോദരനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് ജന്മദിനാശംസകൾ എന്ന് അറിയിച്ച രാഹുൽ ഗാന്ധി ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം, ഫെഡറൽ ഘടന, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഒരുമിച്ചു നിൽക്കുന്നുവെന്നും പറഞ്ഞു.
ഡി.എം.കെ സ്ഥാപകൻ അണ്ണാദുരൈയുടെ പാത പിന്തുടരുമെന്നും പാർട്ടിയുടെ ആദർശങ്ങൾക്കായി കഠിനമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പ്രതിജ്ഞയെടുത്തു. സ്റ്റാലിന്റെ നേതൃത്വത്തിൽ ദുരൈമുരുഗൻ, ടി.ആർ. ബാലു, എ.രാജ എന്നിവരും സംസ്ഥാന മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു.
പാർട്ടി കേഡർമാരും ഭാരവാഹികളും തങ്ങളുടെ പാർട്ടി മേധാവിയെ അഭിവാദ്യം ചെയ്യാൻ കൂട്ടത്തോടെ എത്തിയതോടെ ഡി.എം.കെ ആസ്ഥാനം ഉത്സവ പ്രതീതിയിലായി. സോഷ്യൽ മീഡിയയിൽ സ്റ്റാലിനെ അഭിവാദ്യം ചെയ്യാൻ ഡി.എം.കെ പ്രവർത്തകരും അനുയായികളും ഉപയോഗിച്ച വാചകങ്ങളിൽ ഒന്ന്, ദ്രാവിഡ നായഗർ (ദ്രാവിഡ നായകൻ) എന്നായിരുന്നു.
റോയപ്പേട്ട സർക്കാർ സ്‌കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. പരിഷ്കരണവാദി നേതാവ് പെരിയാർ ഇ.വി.രാമസാമിയുടെ സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.