സ്റ്റാലിന്റെ ജന്മദിനാഘോഷം; ദേശീയ രാഷ്ട്രീയനീക്കം സജീവം
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 70ാം ജന്മദിനാഘോഷത്തിൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് ഡി.എം.കെ. മാർച്ച് ഒന്നിന് ചെന്നൈ നന്ദനം വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ്.
രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുക്കും. പിറന്നാളാഘോഷം ദേശീയരാഷ്ട്രീയത്തിൽ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എസ്. ദുരൈ മുരുകൻ പറഞ്ഞു.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾക്കും പദ്ധതി പ്രഖ്യാപനങ്ങൾക്കുമാണ് ഡി.എം.കെയും തമിഴ്നാട് സർക്കാറും തയാറെടുക്കുന്നത്. ഓരോ കുടുംബത്തിലെയും വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകുന്ന പദ്ധതി അതിലൊന്നാണ്.
ജന്മദിനത്തിൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനമായി നൽകും. ഇതോടൊപ്പം പാർട്ടി പൊതുയോഗങ്ങൾ, സ്പോർട്സ് മീറ്റുകൾ, മാരത്തൺ, ആശയ സംവാദ പരിപാടികൾ, കർഷകർക്ക് വൃക്ഷത്തൈകൾ, രക്തദാന ക്യാമ്പുകൾ, വിദ്യാർഥികൾക്ക് നോട്ട്ബുക്കുകൾ.
സമൂഹ ഉച്ചഭക്ഷണം, മധുര പലഹാര വിതരണം, നേത്രചികിത്സ ക്യാമ്പുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. ചെന്നൈ പാരിമുനൈ രാജാ അണ്ണാമലൈ മൺറത്തിൽ സംഘടിപ്പിക്കുന്ന ‘സ്റ്റാലിൻ കടന്നുവന്ന പാത’ ഫോട്ടോ പ്രദർശന മേള ഫെബ്രുവരി 28ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.