ശിരുവാണി ഡാമിൽ ജലം സംഭരിച്ച് നൽകാൻ പിണറായിക്ക് സ്റ്റാലിന്റെ കത്ത്
text_fieldsചെന്നൈ: സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിൽ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
കോയമ്പത്തൂർ കോർപറേഷൻ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. വർഷന്തോറും ശിരുവാണി ഡാമിൽനിന്ന് 1.30 ടി.എം.സി ജലം തമിഴ്നാടിന് വിട്ടുനൽകണം. എന്നാൽ, ആറു വർഷമായി 0.484- 1.128 ടി.എം.സി ജലം മാത്രമാണ് ലഭ്യമായത്. സമുദ്രനിരപ്പിൽനിന്ന് 878.50 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. എന്നാൽ, മതിയായ മഴ ലഭ്യമായിട്ടും കഴിഞ്ഞ മൂന്നു വർഷമായി കേരള ജലസേചന വകുപ്പ് കുറഞ്ഞ വിതാനത്തിലാണ് ജലം സംഭരിക്കുന്നത്. ഇതുകാരണം കരാർ പ്രകാരം അനുവദിക്കേണ്ട ജലം പൂർണമായും തമിഴ്നാടിന് ലഭ്യമാവുന്നില്ലെന്നാണ് പരാതി. കേരള മുഖ്യമന്ത്രി ഇടപെട്ട് പരമാവധി ശേഷി വരെ ജലം സംഭരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകണമെന്നാണ് സ്റ്റാലിന്റെ ആവശ്യം. കേരള-തമിഴ്നാട് അതിർത്തിയിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ് ശിരുവാണി ഡാം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.