ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരുടെ ഇടപെടൽ; ഭോലെ ബാബയുടെ പേരിൽ കത്ത് പുറത്ത്
text_fieldsലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനയോഗം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ പേരിൽ കത്ത് പുറത്ത്. നിലവിൽ ഇയാൾ ഒളിവിലാണ്.
ദുരന്തത്തിന് കാരണം സമൂഹികവിരുദ്ധരുടെ ഇടപെടലാണെന്നും താന്‍ വേദിവിട്ട് പോയി ഏറെ നേരം കഴിഞ്ഞാണ് ദുരന്തമുണ്ടായതെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഭോലെ ബാബയുടെ പേരിൽ പുറത്തുവന്ന കത്തിൽ പറയുന്നു. ‘മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ഥിക്കുന്നു’ -ഭോലെ ബാബ എന്ന സൂരജ്പാല്‍ സിങ്ങിന്‍റെ പേരിലുള്ള കത്തില്‍ പറയുന്നു.
കേസിൽ ഭോലെ ബാബയെ ഇതുവരെ യു.പി പൊലീസ് പ്രതി ചേർത്തിട്ടില്ല. സഹായിയുടെയും സംഘാടകരുടെയും പേരിലാണ് കേസ്. ദുരന്തത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി പറഞ്ഞു. ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തേയും പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഗ്ര എ.ഡി.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.