'സ്റ്റാൻ സ്വാമി നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു, ഇത് ജുഡീഷ്യൽ കൊലപാതകം'
text_fieldsമുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വ്യാപക പ്രതിഷേധം. ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത സ്റ്റാൻ സ്വാമിയുടെ മരണം ആശുപത്രിയിൽ വെച്ചായിരുന്നു.
സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുെവന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
'സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. മനുഷ്യത്വം നിറഞ്ഞ ദൈവപുരുഷനായിരുന്നു അദ്ദേഹം. പക്ഷെ, അദ്ദേഹത്തോട് നമ്മുടെ സർക്കാറിന് മനുഷ്യത്വപരമായ പെരുമാറാൻ സാധിച്ചില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ വളരെ സങ്കടമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു' -കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു.
സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ മീന കന്ദസ്വാമി ആരോപിച്ചു. 'ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ.ഐ.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ട്.
ജുഡീഷ്യറി, ആർ.എസ്.എസ്-ബി.ജെ.പി, എൻ.ഐ.എ, സർക്കാറിന് വേണ്ടി പ്രചാരണം നടത്തിയ മാധ്യമങ്ങൾ, മോദി-ഷാ എന്നിവരെ ഇതിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ച പ്രതിപക്ഷം എന്നിവരുടെ കൈകളിലെല്ലാം ഇതിന്‍റെ രക്തം പുരണ്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെയും കൈകളിലും രക്തമുണ്ട് -മീന കന്തസാമി പറഞ്ഞു.
'ദരിദ്രർക്കുവേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ, നിഷ്കരുണം ജയിലിലടച്ച, പ്രായമായ അദ്ദേഹത്തിന് അവർ വെള്ളം കുടിക്കാനുള്ള സ്ട്രോ പോലും നിഷേധിച്ചു. സമയബന്ധിതമായ വൈദ്യസഹായവും ജാമ്യവും നൽകിയില്ല. അദ്ദേഹത്തിന്‍റെ കസ്റ്റഡി മരണം ഒരു ദേശീയ ദുരന്തമാണ്' - മാധ്യമപ്രവർത്തക സാഗരിക ഘോഷ് പറഞ്ഞു.
'ഫാദർ സ്റ്റാൻ സ്വാമി ഒരിക്കലും മരിക്കില്ല. തന്‍റെ ജീവിത കാലയളവിൽ ഫാഷിസ്റ്റ് മോദി സർക്കാറിനെതിരെ നിലകൊണ്ട ധീരനായ നായകനായി അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ജീവിക്കും. സ്റ്റാൻ സ്വാമിയുടെ രക്തം മോദിയുടെയും അമിത് ഷായുടെയും കൈകളിൽ പുരണ്ടിട്ടുണ്ട്. രാജ്യം അവരോട് ഒരിക്കലും ക്ഷമിക്കില്ല' -ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി പറഞ്ഞു.
'സ്റ്റാൻ സ്വാമി ഇന്ന് കൊല ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കൊലപാതകികളുടെ മരണം കഠിനമായിരിക്കും' -കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് പറഞ്ഞു.
ഇനി അദ്ദേഹത്തിന് സമാധാനത്തോടെ വിശ്രമിക്കാമെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.