സനാതന ധർമ പരാമർശം: പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു -ഉദയനിധി
text_fieldsചെന്നൈ: താൻ വിമർശിച്ചത് ജാതി വ്യവസ്ഥയെ ആണെന്നും പരാമർശത്തിൽ വീണ്ടും വീണ്ടും ഉറച്ചു നിൽക്കുന്നുവെന്നും ഉദയ്നിധി സ്റ്റാലിൻ തിങ്കളാഴ്ചയും പ്രസ്താവിച്ചു. ഇക്കാര്യത്തിൽ ബി.ജെ.പി നൽകുന്ന എത്ര കേസ് നേരിടാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ അതേകുറിച്ച് ഞാൻ സംസാരിച്ചു. എന്താണോ ഞാൻ പറഞ്ഞത്, അതുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഹിന്ദുമതത്തെ മാത്രമല്ല, എല്ലാ മതങ്ങളേയുമാണ് ഞാൻ പരാമർശിച്ചത്. ജാതി വ്യവസ്ഥയെയാണ് ഞാൻ വിമർശിച്ചത്. ഇക്കാര്യത്തിൽ ബി.ജെ.പി നൽകുന്ന എത്ര കേസ് നേരിടാനും ഞാൻ തയാറാണ്. ഇൻഡ്യ മുന്നണിയെ ഭയന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി ഇതിലൂടെ ശ്രമിക്കുന്നത്’’ -ഉദയനിധി പറഞ്ഞു.
സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇൻഡ്യ’യിലടക്കം ഭിന്നതയുണ്ടായിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കം ഉദയനിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേൽപിക്കരുതെന്നും മമത വിമർശിച്ചു. പരാമർശം അജ്ഞത മൂലമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗവും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.