മോദി സർക്കാർ ചില മേഖലകളിൽ തലയുയർത്തി നിൽക്കുന്നത് യു.പി.എ സർക്കാറിന്‍റെ തോളിൽകയറിയാണ് -പി. ചിദംബരം
text_fieldsന്യൂഡൽഹി: മോദി സർക്കാർ ചില മേഖലകളിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് യു.പി.എ സർക്കാരിന്‍റെ തോളിൽ കയറി നിൽക്കുന്നത് കൊണ്ടാണെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. കേന്ദ്ര സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സർക്കാറിനും നേട്ടങ്ങളുണ്ടാകും, പ്രത്യേകിച്ച് അഞ്ച് മുതൽ പത്ത് വർഷം വരെ ഭരിച്ച സർക്കാറിന്. മോദി സർക്കാരും അങ്ങനെ തന്നെയാണ്. മോദി സർക്കാർ ഏതാനും മേഖലകളിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവർ യു.പി.എ സർക്കാരിന്‍റെ ചുമലിൽ ചവിട്ടി നിൽക്കുന്നത് കൊണ്ടാണെന്നായിരുന്നു ചിദംബരത്തിന്‍റെ പരാമർശം.
കോടതിയിൽ ഹരജികൾ നൽകി മോദി സർക്കാറിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ലേഖനത്തിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. മുത്തലാഖ്, വാക്സിനേഷൻ, ജി.എസ്.ടി എന്നിവയുൾപ്പെടെ പതിനഞ്ചോളം കേസുകൾ തോൽക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് വാദിച്ചത്. അനാവശ്യ കേസുകൾ കൊടുത്ത് വാദം നടത്തി കളഞ്ഞ സമയം തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി കോൺഗ്രസ് ഉപയോഗിച്ചിരുന്നെങ്കിൽ ഒമ്പത് വർഷത്തിനുള്ളിൽ വലിയ വളർച്ച നേടാൻ പാർട്ടിക്ക് സാധിച്ചേനെയെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് തോൽക്കാൻ വേണ്ടിയാണ് വാദിക്കുന്നതെന്നതിന് ധനമന്ത്രി പറഞ്ഞ അഞ്ച് ഉദാഹരണങ്ങളിൽ മൂന്നെണ്ണമെങ്കിലും തെറ്റാണെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു. " തോൽക്കാൻ വേണ്ടിയാണ് കോൺഗ്രസ് വാദിക്കുന്നതെന്നതിന് ബഹുമാനപ്പെട്ട ധനമന്ത്രി അഞ്ച് ഉദാഹരണങ്ങൾ നിരത്തിയിരുന്നു. ഇതിൽ മൂന്നെണ്ണത്തിൽ മന്ത്രിക്ക് തെറ്റ് പറ്റി. മുത്തലാഖ് നിയമം പാർലമന്റ് പാസാക്കുന്നതിന് മുമ്പേ തന്നെ സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട കേസ് ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. ജി.എസ്.ടി നിയമത്തിന് കീഴിലുള്ള നിരവധി കേസുകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്" -ചിദംബരം കുറിച്ചു.
ഇന്ത്യ പഴം, പച്ചക്കറി ഉത്പാദനത്തിൽ രണ്ടാമതും, പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തും, തേൻ ഉത്പാദനത്തിൽ രണ്ടാമതാണെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ ഈ റാങ്കുകളെല്ലാം വർഷങ്ങൾക്ക് മുമ്പേ ഇന്ത്യക്ക് ലഭിച്ചിരുന്നുവെന്നും അതിപ്പോഴും നിലനിർത്തിക്കൊണ്ടുപോകുക മാത്രമാണ് നടക്കുന്നതെന്നുമായിരുന്നു ഇതിനോട് ചിദംബരത്തിന്‍റെ പ്രതികരണം.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സേവനങ്ങളുടെ ക്രെഡിറ്റും നിർമല സീതാരാമൻ ഏറ്റെടുക്കുന്നുണ്ടായിരുന്നു. ഡി.ബി.ടി വഴിയുള്ള മൊത്തം കൈമാറ്റം 29 ലക്ഷം കോടിയിലേറെയാണെന്ന് അവർ ലേഖനത്തിൽ പറയുന്നുണ്ട്. ആധാർ വിഭാവനം ചെയ്‌തതും വിപുലീകരിച്ചതും യു.പി.എ സർക്കാറാണ്. ഡി.ബി.ടിക്ക് കീഴിലുള്ള ആദ്യ കൈമാറ്റം യു.പി.എ സർക്കാറിന്‍റേതായിരുന്നു. ഗ്രാമങ്ങളിൽ 11.72 കോടി ശുചിമുറികൾ നിർമിച്ചതിനെ കുറിച്ച് മന്ത്രി പറഞ്ഞിരുന്നു. അവയിൽ എത്രയെണ്ണം വെള്ളമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടപ്പുണ്ടെന്ന് നിങ്ങളുടെ സർക്കാറിന്‍റെ റിപ്പോർട്ടുകൾ തന്നെ നോക്കിയാൽ മനസിലാകും -ചിദംബരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.