സ്റ്റാർലിങ്കിന് മേൽ എസ്.യു.സി ചുമത്തിയേക്കും
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രവർത്തനമാരംഭിക്കാൻ അനുമതി കാത്തിരിക്കുന്ന എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് മേൽ സ്പെക്ട്രം നികുതി (എസ്.യു.സി -സ്പെക്ട്രം യൂസേജ് ചാർജ് ) ചുമത്തിയേക്കും. 2022ൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് ദാതാക്കളിൽനിന്ന് ഈ വിഭാഗത്തിൽ നികുതി ഈടാക്കുന്നത് നിർത്തിയിരുന്നു. പുതിയ നികുതി ബാധ്യത വരുന്നതോടെ രാജ്യത്ത് സ്റ്റാർലിങ്ക് അടക്കം സാറ്റ്കോം സേവനങ്ങളുടെ ചെലവ് ഉയരും.
നിലവിൽ സേവനങ്ങൾ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ നിരീക്ഷിക്കാനും സംവിധാനങ്ങൾ ഒരുക്കണമെന്നതടക്കം നിബന്ധനകൾ കേന്ദ്രം സ്റ്റാർലിങ്കുമായി ചർച്ച ചെയ്തുവരികയാണ്. 2023 ഡിസംബറിൽ പാസാക്കിയ പുതിയ ടെലികോം നിയമത്തിന് അനുസൃതമായി, ലേലമൊഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് അലോക്കേഷൻ വഴിയാണ് സ്റ്റാർലിങ്കിന് അനുമതി നൽകുന്നത്. ഇതോടെ, രാജ്യത്തുനിന്നുള്ള മൊത്ത വരുമാനത്തിൽ മൂന്ന് ശതമാനമോ അധികമോ സ്പെക്ട്രം ഉപയോഗചാർജ് ആയി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ എല്ലാ ടെലികോം കമ്പനികളും നൽകേണ്ട എട്ടുശതമാനം ലൈസൻസ് ഫീസിന് പുറമെ സാറ്റ്കോം സേവനദാതാക്കൾ മൂന്നുശതമാനമോ അതിലധികമോ നികുതി നൽകേണ്ടിവരും. സാറ്റ്കോം സ്പെക്ട്രം അനുവദിക്കലുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പിന് (ഡി.ഒ.ടി) ട്രായ് വരും ദിവസങ്ങളിൽ ശിപാർശകൾ സമർപ്പിക്കുമെന്നാണ് കരുതുന്നത്. തുടർന്ന് പരിശോധനക്കും ആവശ്യമെങ്കിൽ തിരുത്തലുകൾക്കും ശേഷം ഇന്റർ-മിനിസ്റ്റീരിയൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമീഷന് (ഡി.സി.സി) കൈമാറും. ഡി.സി.സിയുടെ അംഗീകാരത്തിന് ശേഷമാണ് ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനക്ക് എത്തുക.
2021 സെപ്റ്റംബർ 15ന് ശേഷം വ്യത്യസ്ത ഫ്രീക്വൻസികളിൽ ലേലം ചെയ്ത ബാൻഡ്‌വിഡ്ത്തിന്റെ എസ്.യു.സി നീക്കം ചെയ്യാൻ 2022 ജൂണിലാണ് സർക്കാർ തീരുമാനമെടുത്തത്. സുനിൽ മിത്തലിന് പങ്കാളിത്തമുള്ള യൂട്ടെൽസാറ്റ് വൺ വെബ്, റിലയൻസ് ജിയോ-എസ്.ഇ.എസ് പോലുള്ള മറ്റ് സാറ്റലൈറ്റ് ഓപറേറ്റർമാർക്കും എസ്.യു.സി ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.