സ്റ്റാർലിങ്കിന്റെ വരവ് ഗൗരമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു; എയർടെല്ലും ജിയോയും സ്റ്റാർലിങ്കുമായി ബന്ധിപ്പിച്ചതിന് പിന്നിൽ മോദിയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസ്. എയർടെല്ലിന്റെയും ജിയോയുടെയും സ്റ്റാർലിങ്കുമായുള്ള പങ്കാളിത്തം ഇലോൺ മസ്‌ക് വഴി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ‘ഗുഡ്‍വിൽ’ നേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണം ചെയ്തതാണെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ഇലോൺ മസ്‌കിന്റെ ‘സ്‌പേസ് എക്‌സു’മായി കരാർ ഒപ്പിട്ടതായി റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ‘ജിയോ’ അറിയിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ പ്രസ്താവന. ജിയോയുടെ എതിരാളിയായ ഭാരതി എയർടെല്ലും സമാനമായ കരാറിലേർപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു.
12 മണിക്കൂറിനുള്ളിൽ എയർടെല്ലും ജിയോയും സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചുവെന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനെതിരായ എല്ലാ എതിർപ്പുകളും മറികടന്നാണിതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘സ്റ്റാർലിങ്കിന്റെ ഉടമയായ ഇലോൺ മസ്‌ക് വഴി പ്രസിഡന്റ് ട്രംപിന്റെ ഗുഡ്‍വിൽ വാങ്ങാൻ പ്രധാനമന്ത്രി തന്നെയാണ് ഈ പങ്കാളിത്തങ്ങൾ ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. എന്നാൽ, നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ദേശീയ സുരക്ഷ ആവശ്യപ്പെടുമ്പോൾ കണക്റ്റിവിറ്റി ഓണാക്കാനോ ഓഫാക്കാനോ ആർക്കാണ് അധികാരം? അത് സ്റ്റാർലിങ്കിനോ അതിന്റെ ഇന്ത്യൻ പങ്കാളികൾക്കോ ആയിരിക്കുമോ? മറ്റ് ഉപഗ്രഹ അധിഷ്ഠിത കണക്റ്റിവിറ്റി ദാതാക്കളെ അതിന് അനുവദിക്കുമോ? എന്തിന്റെ അടിസ്ഥാനത്തിലാണിത്?’ -കോൺഗ്രസ് നേതാവ് ‘എക്‌സി’ൽ ചോദിച്ചു.
‘തീർച്ചയായും, ഇന്ത്യയിലെ ടെസ്‌ല നിർമാണത്തെക്കുറിച്ചും വലിയ ചോദ്യം അവശേഷിക്കുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കിയതിനാൽ അതിനായുള്ള എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നും’ രമേശ് ചോദിച്ചു.
മസ്‌കിന്റെ സംരംഭത്തിന് സ്‌പെക്ട്രം അവകാശങ്ങൾ എങ്ങനെ നൽകണമെന്നതിനെച്ചൊല്ലി മാസങ്ങളായി നടന്ന തർക്കത്തിന് ശേഷമാണ് ശത കോടീശ്വരൻ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമുകൾ സ്റ്റാർലിങ്കിന്റെ നേതൃത്വത്തിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സുമായി കരാറിൽ ഏർപ്പെട്ടത്.
ഇന്ത്യയിലെ സാറ്റലൈറ്റ് സേവനങ്ങൾക്കായി സ്പെക്ട്രം നൽകുന്നതിനായി ലേലം നടത്തണമെന്ന് എതിരാളികളായ ജിയോയും എയർടെല്ലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നിച്ചു വാദിച്ചുവരുന്നതിനിടയിലാണിത്. മുൻകാലങ്ങളിൽ ലേലത്തിലൂടെ നൽകിയതിനേക്കാൾ കുറഞ്ഞ വിലക്ക് മസ്‌ക് ‘എയർവേവു’കൾ നൽകുമെന്ന് അവർ ഭയപ്പെട്ടു.
പുതിയ പങ്കാളിത്തത്തോടെ, ജിയോ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാഗ്ദാനം ചെയ്യും. കൂടാതെ ഉപകരണങ്ങളിൽ ഉപഭോക്തൃ ഇൻസ്റ്റാളേഷനും ആക്ടിവേഷനും പിന്തുണക്കും. പരസ്പരം എങ്ങനെ ഓഫറുകൾ വർധിപ്പിക്കാമെന്നും ജിയോയും സ്‌പേസ് എക്‌സും പര്യവേഷണം ചെയ്യും.
സ്‌പേസ് എക്‌സ് പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹ സമൂഹമാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി ഒരു കരാറിൽ ഏർപ്പെടുന്നതായി ഭാരതി എയർടെല്ലും പ്രഖ്യാപിച്ചു. രണ്ടാമത്തെ വലിയ ലിയോ ഉപഗ്രഹ സമൂഹമായ ‘യൂട്ടെൽസാറ്റ് വൺവെബു’മായി എയർടെൽ ഇതിനകം പങ്കാളിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.