'പാചകം ചെയ്തു, പ്രഭാഷണങ്ങൾക്ക് യുട്യൂബ് പ്രതിമാസം നാലുലക്ഷം നൽകി'; കോവിഡ് സമയത്തെക്കുറിച്ച് നിതിൻ ഗഡ്കരി
text_fieldsമുംബൈ: കോവിഡ് മഹാമാരി സമയവും ലോക്ഡൗണും എങ്ങനെ മറികടന്നുവെന്ന് വിവരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി -മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ പരിപാടിയിൽ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സമയത്ത് രണ്ടു കാര്യങ്ങളാണ് താൻ പ്രധാനമായും ചെയ്തതെന്നും ഒന്ന് പാചകവും രണ്ട് ഓൺലൈൻ പ്രഭാഷണവുമാണെന്ന് അേദ്ദഹം പറഞ്ഞു. കൂടാതെ തന്‍റെ പ്രഭാഷണങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും കാഴ്ചക്കാർ കൂടിയതോടെ പ്രതിമാസം നാലുലക്ഷം രൂപ ലഭിച്ചതായും ഗഡ്കരി പറഞ്ഞു.
'കോവിഡ് സമയത്ത് ഞാൻ പ്രധാനമായും രണ്ടുകാര്യങ്ങൾ ചെയ്തു. ഒന്ന് വീട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ ആരംഭിച്ചു. രണ്ടാമത് വിഡിയോ കോൺഫറൻസ് വഴി പ്രഭാഷണങ്ങൾ നടത്താനും. ഓൺലൈനിൽ നടത്തിയ നിരവധി പ്രഭാഷണങ്ങൾ ഞാൻ യുട്യൂബിൽ അപ്ലോഡ് ചെയ്തു. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ യുട്യൂബ് പ്രതിമാസം നാലുലക്ഷം രൂപ നൽകി' -നിതിൻ ഗഡ്കരി പറഞ്ഞു.
താൻ ഒരിക്കൽ തന്‍റെ ഭാര്യയോട് പോലും പറയാതെ ഭാര്യാപിതാവിന്‍റെ വീട് പൊളിക്കാൻ ഉത്തരവിട്ടതായും നിതിൻ ഗഡ്കരി ഓർത്തെടുത്തു. 'വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് സംഭവം. റോഡിന്‍റെ നടുവിലായിരുന്നു ഭാര്യാപിതാവിന്‍റെ വീട്. ഇതോടെ എന്‍റെ ഭാര്യയോട് പോലും പറയാതെ എന്‍റെ ഭാര്യാപിതാവിന്‍റെ വീട് പൊളിക്കാൻ ഞാൻ ഉത്തരവിട്ടു' -ഗഡ്കരി കൂട്ടിച്ചേർത്തു. തന്‍റെ വീടും റോഡിനോട് ചേർന്നാണെന്നും റോഡ് നിർമിക്കുന്നതിന് അത് പൊളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അേദ്ദഹം പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഗുരുഗ്രാം ലോക്സഭാംഗം റാവു ഇന്ദർജിത് സിങ്, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ജില്ല ഭരണാധികാരികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 95,000 കോടിയുടേതാണ് ഡൽഹി-മുംബൈ എക്സ്പ്രസ്വേ പദ്ധതി. മാർച്ച് 2023ഒാടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.