'ജോലി സമ്മർദം ഉണ്ടോ?' ഉണ്ടെന്നറിയിച്ച എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു; കമ്പനിയുടെ നടപടിയിൽ വ്യാപക വിമർശനം
text_fieldsതൊഴിലാളികളുടെ ഫീഡ്ബാക്കുകൾ അറിയാനും മാനസിക-തൊഴിൽ പ്രശ്നങ്ങൾ മനസ്സിലാക്കാനും സ്ഥാപനങ്ങൾ പല സർവേകളും നടത്താറുണ്ട്. ഇത്തരം ഇന്‍റേണൽ സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചുള്ള നടപടികളും കൈക്കൊള്ളാറുണ്ട്. എന്നാൽ, 'യെസ് മാഡം' എന്ന സ്റ്റാർട്ടപ്പ് സ്ഥാപനം ജീവനക്കാർക്കിടയിൽ സർവേ നടത്തി കൈക്കൊണ്ട നടപടി രൂക്ഷ വിമർശനമുയർത്തിയിരിക്കുകയാണ്.
തൊഴിൽ സമ്മർദം അനുഭവിക്കുന്നുണ്ടോയെന്നായിരുന്നു സർവേയിൽ ജീവനക്കാരോടുള്ള ചോദ്യങ്ങളിലൊന്ന്. ഇതിന് 'ഉണ്ട്' എന്ന് മറുപടി നൽകിയ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടുകയാണ് കമ്പനി ചെയ്തത്. ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം സലൂണ്‍ സര്‍വിസ് കമ്പനിയാണ് യെസ് മാഡം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജീവനക്കാരുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് കമ്പനി സര്‍വേ നടത്തിയത്. തൊഴിൽ സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് സർവേയിൽ മറുപടി നൽകിയ മുഴുവനാളുകളെയും പിരിച്ചുവിട്ടതായി അറിയിച്ച് എച്ച്.ആർ മാനേജർ മെയിൽ അയക്കുകയായിരുന്നു. മെയിലിന്‍റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വെെറലാണ്.
മെയിലിൽ പറയുന്നത് ഇങ്ങനെ:- 'ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കാൻ ഞങ്ങൾ അടുത്തിടെ ഒരു സർവേ നടത്തി. നിങ്ങളിൽ പലരും ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെച്ചു. നിങ്ങളുടെ പ്രതികരണങ്ങളെ കമ്പനി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും പ്രോത്സാഹനപരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ ഫീഡ്‌ബാക്ക് ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. ജോലിയിൽ ആരും സമ്മർദ്ദത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ ജോലി ഭാരം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാർ ഇനി കമ്പനിയിൽ തുടരേണ്ടതില്ല എന്നും അവരെ പിരിച്ചുവിടുന്നു എന്നതുമാണ് ആ തീരുമാനം. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റ് വിശദാംശങ്ങൾ പ്രത്യേകമായി ഇമെയിൽ അയക്കും. നിങ്ങളുടെ സേവനത്തിന് നന്ദി. ആശംസകളോടെ, എച്ച്.ആർ മാനേജർ, യെസ്മാഡം”
തൊഴിൽ സമ്മർദമുണ്ടെന്ന് അറിയിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ യെസ് മാഡത്തിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. മനുഷ്യത്വപരമല്ലാത്ത പിരിച്ചുവിടലാണ് കമ്പനി നടത്തിയതെന്നും ജീവനക്കാരുടെ കരിയര്‍ വെച്ച് കളിക്കുകയാണ് കമ്പനിയെന്നും വിമർശനങ്ങൾ ഉയരുന്നു. ഏറ്റവും വിചിത്രമായ നടപടിയാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.