'പട്ടിണിയാണ്,പതിനെട്ടുമാസമായി ശമ്പളമില്ല'; ചന്ദ്രയാൻ 3ൽ പ്രധാന പങ്കുവഹിച്ച ജീവനക്കാർ പ്രതിഷേധത്തിൽ
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ-3ന്‍റെ വിജയം ആഘോഷിച്ച് ഒരു മാസം പിന്നിടുന്നതിന് മുമ്പേ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ച് സർക്കാർ അധീന കമ്പനിയായ ഹെവി എഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡ്. ചന്ദ്രയാൻ 3ന്‍റെ ഉൾപ്പെടെ ഐ.എസ്.ആർ.ഒയുടെ വിവിധ ഉപഗ്രഹ വിക്ഷേപണ പദ്ധതികളിൽ പ്രധാന പങ്കുവഹിച്ച തങ്ങൾക്ക് 18 മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
സെപ്തംബർ 20 മുതലാണ് ജീവനക്കാർ സർക്കാരിനെതിരെ ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. തങ്ങളുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കാനാണ് ജനങ്ങൾ പ്രതിഷേധത്തിനൊരുങ്ങിയത് എന്നായിരുന്നു കമ്പനിയിലെ തൊഴിലാളി യൂണിയൻ നേതാവ് ഭവൻ സിങ്ങിന്‍റെ പ്രതികരണം. "ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് തൊഴിലാളികൾ ഉണർന്നുവെന്ന് മോദിയെ അറിയിക്കാനാണ്. ഞങ്ങളുടെ കുട്ടികൾക്ക് കുടിക്കാൻ പാലില്ല. അവരുടെ സ്കൂളിലെ ഫീസടക്കാൻ ഞങ്ങൾക്ക് നിർവാഹവുമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം" - ഭവൻ സിങ് പറഞ്ഞു. തങ്ങളുടെ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും വർഷങ്ങളായി ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുപയോഗിക്കുന്ന പ്ലാറ്റ്ഫോം നിർമാണത്തിനായി പ്രവർത്തിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സർക്കർ തങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്. 2014മുതൽ ഹെവി എഞ്ചീനിയറിങ് കോർപറേഷന് അനുവദിച്ച ഫണ്ട് അവസാനിച്ചു. കമ്പനിക്ക് സർക്കാർ പണ്ട് നൽകിയിരുന്ന കരാറുകൾ ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഷയം പാർലമെന്‍റിൽ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ ആരോപണങ്ങൾ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുക്തി മോർച്ച നേതാവും എം.പിയുമായ മഹുവ മാജിയാണ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. 2014ന് മുമ്പ് കമ്പനിയുടെ സ്ഥിതി മെച്ചപ്പെട്ട നിലയിലായിരുന്നു. അതിന് ശേഷമാണ് പ്രതിസന്ധികൾ ആരംഭിച്ചതെന്നും മാജി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സഭ നേതാവ് പീയുഷ് ഗോയൽ ആരോപണങ്ങൾ തള്ളുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് എഞ്ചിനീയറിങ് സ്ഥാപനങ്ങളിലൊന്നാണ് 1958ൽ റാഞ്ചി ആസ്ഥാനമായി സ്ഥാപിതമായി ഹെവി എഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡ്. ബഹിരാകാശ ഗവേഷണം, ഖനനം തുടങ്ങി വിവിധ മേഖലകളിലേക്കുള്ള ഉപകരണങ്ങൾ ഇവിടെ നിന്നാണ് നിർമിക്കപ്പെടുന്നത്. നിലവിൽ മാനേജർ ഉൾപ്പെടെ 2800 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.