ലഖിംപൂർ ഖേരി കർഷക കൊലപാതകം: യു.പി സർക്കാർ സുതാര്യമായി പ്രവർത്തിച്ചെന്ന് മോദി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എ.എൻ.ഐ വാർത്ത ചാനലിന് നൽകിയ ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെട്ട കേസിൽ മോദി പ്രതികരിച്ചത്.
ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരം സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. സുപ്രീംകോടതി ഏത് കമ്മിറ്റി രൂപീകരിക്കാനാണോ ഏത് ജഡ്ജി അന്വേഷിക്കാനാണോ ആഗ്രഹിച്ചത് അതിന് സംസ്ഥാന സർക്കാർ സമ്മതം നൽകി. സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
കാർഷിക നിയമങ്ങൾ പിൻവലിച്ചത് ജനഹിതം നോക്കിയാണ്. ചെറുകിട കർഷകരുടെ പ്രയാസം സർക്കാറിന് ബോധ്യമുണ്ട്. കർഷകക്ഷേമത്തിന് ഊന്നൽ നൽകുമെന്നും പ്രധാനമന്ത്രി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നടത്തിയ കർഷക മാർച്ചിലേക്ക് വാഹനവ്യൂഹം ഇടിച്ചു കയറ്റിയ സംഭവത്തിൽ എട്ട് കർഷകരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിക്കുകയാണ്. 11 ജില്ലകളിലായി 58 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാർഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. മാർച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.