ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ട കൊലകൾ: നിയമനിർമാണം വേണമെന്ന് സുപ്രീംേകാടതി
text_fieldsന്യൂഡൽഹി: ഗോരക്ഷയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങൾ തടയാന്‍ പാര്‍ലമെൻറ് നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി. ആൾക്കൂട്ട കൊലപാതകങ്ങൾ പോലുള്ള അക്രമസംഭവങ്ങൾ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രസർക്കാർ നാല് ആഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാകില്ല. സമൂഹത്തിൽ അരാജകത്വം ഉടലെടുക്കുന്നത് തടയേണ്ടതും സംസ്ഥാനങ്ങളാണ്. അക്രമങ്ങൾ അനുവദിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഗോരക്ഷാ ഗുണ്ടകളുടേത് അടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൃത്യമായ ഉത്തരവാദിത്വം ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ ഉണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജനാധിപത്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഏതെങ്കിലും ആള്‍ക്കൂട്ടമോ പൗരനോ നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും ആൾക്കൂട്ട കൊലപാതകങ്ങൾ സംബന്ധിച്ച ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.