‘ഇൻഡ്യ’ നേതാക്കൾ പാകിസ്താന്റെ വാക്കുകൾ ആവർത്തിക്കുന്നുവെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ ഇൻഡ്യ സഖ്യ നേതാക്കൾ പാകിസ്താന്റെ വാക്കുകൾ ആവർത്തിക്കുകയാണെന്നും ഈ ഒറ്റുകാരെ കരുതിയിരിക്കണമെന്നും ബി.ജെ.പി വക്താവ് സുധാൻശു ത്രിവേദി. ഇവർ ദേശതാൽപര്യങ്ങൾക്കെതിരാണ്. മൂന്നാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രമുള്ളപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭരണകക്ഷി വീണ്ടും പാകിസ്താനെ ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചത്.
തീവ്രവിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കർക്കകരെയെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസ് ഓഫിസറാണെന്നും ഭീകരൻ അജ്മൽ കസബല്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് വടെട്ടിവറും ജമ്മു-കശ്മീരിലെ വ്യോമസേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി പ്രതികരണം.
പാകിസ്താൻ നേതാവ് ചൗധരി ഫവാദ് ഹുസൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതും രാഹുൽ ഗാന്ധിയെ പ്രശംസിച്ചതും പാകിസ്താന് ആണവായുധമുണ്ടെന്ന നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശവും ‘ഇൻഡ്യ’ സഖ്യ നേതാക്കൾക്ക് പാകിസ്താന്റെ നിലപാടാണെന്നതിനുള്ള തെളിവാണെന്നും സുധാൻശു ത്രിവേദി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വിലയിരുത്തി ബംഗ്ലാദേശ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു. കശ്മീരിനെ ഇന്ത്യ നിയന്ത്രിത കശ്മീരെന്നും വിശേഷിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, താൻ ഇന്ത്യ നിയന്ത്രിത കശ്മീരെന്ന് എഴുതിയിട്ടില്ലെന്നും പത്രത്തിന്റെ എഡിറ്ററാണ് അങ്ങനെ വ്യാഖ്യാനിച്ചതെന്നും ശശി തരൂർ പിന്നീട് വിശദീകരിച്ചു. വിദേശ പത്രത്തിന്റെ എഡിറ്ററുടെ പ്രവൃത്തിയിൽ തനിക്ക് നിയന്ത്രണമില്ലെന്നും സമൂഹ മാധ്യമമായ ‘എക്സിൽ’ അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.