വ്യാവസായികാവശ്യത്തിനുള്ള ആൽക്കഹോളിലും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരം
text_fieldsന്യൂഡൽഹി: വ്യാവസായികാവശ്യത്തിനുള്ള ആൽക്കഹോളിന് മേൽ നിയന്ത്രണം കൊണ്ടുവരാനും നികുതി ഈടാക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വ്യവസായികാവശ്യങ്ങൾക്കുള്ള ആൽക്കഹോൾ സംസ്ഥാന പട്ടികയിൽപ്പെടുന്ന ‘ലഹരിക്കുപയോഗിക്കുന്ന മദ്യ’ത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്ന് വ്യാഖ്യാനിച്ചാണ് ഒമ്പതിൽ എട്ടു ജഡ്ജിമാരും യോജിച്ചുള്ള വിധി.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഋഷികേശ് റോയ്, അഭയ് എസ്. ഓക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭുയ്യാൻ, സതീശ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നു. എന്നാൽ, ഈ നിലപാടിനോട് വിയോജിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന വ്യവസായികാവശ്യങ്ങൾക്കുള്ള ആൽക്കഹോളുകൾക്കുമേൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണാവകാശമില്ലെന്ന് തന്റെ ന്യൂനപക്ഷ വിധിയിൽ വ്യക്തമാക്കി. ലഹരിക്കുള്ള മദ്യത്തിനുമേൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന ആൽക്കഹോളും കുടിക്കാൻ പറ്റാത്ത സ്പിരിറ്റും നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമോ എന്നതായിരുന്നു തങ്ങളുടെ മുന്നിലുള്ള ചോദ്യമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.