വിവിധ സംസ്ഥാനങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ അയവ്
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ അയവ് വരുന്നു. ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏറെയും എടുത്തുകളയാൻ ഒരുങ്ങുകയാണ്. എന്നാൽ, മറ്റൊരു കോവിഡ് തരംഗത്തിന്‍റെ സാധ്യത കൂടി നിലനിൽക്കുന്നതിനാൽ വളരെ കരുതലോടെ ഘട്ടംഘട്ടമായാണ് ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നത്.
വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിങ്ങനെ:
തമിഴ്നാട്: കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള 11 ജില്ലകൾ ഒഴികെയുള്ളയിടങ്ങളിലാണ് തമിഴ്നാട്ടിൽ ഇളവുകൾ. കോയമ്പത്തൂർ, നീലഗിരി, തിരുപൂർ, ഈറോഡ്, സേലം, കാരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുക. മറ്റു ജില്ലകളിൽ അവശ്യ വസ്തു വ്യാപാരങ്ങൾ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയർ, സ്വിച്ച് തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറക്കാം. തീപ്പെട്ടി കമ്പനികൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. സർക്കാർ ഒാഫീസുകൾ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും.
ഇലക്ട്രീഷ്യ, പ്ലംബർ, മരപ്പണിക്കാർ തുടങ്ങിയവർക്ക് രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യാം. കാൾ ടാക്സി, മറ്റു ടാക്സികൾ, ഒാേട്ടാറിക്ഷ എന്നിവക്ക് ഇ-രജിസ്ട്രേഷൻ നടത്തി ഒാടാം.
മഹാരാഷ്ട്ര: അഞ്ചു ഘട്ടങ്ങളിലായാണ് മഹാരാഷ്ട്ര നിയന്ത്രണങ്ങൾ അയവു വരുത്തുന്നത്. 36 ൽ 18 ജില്ലകളിലും ഇന്നു(തിങ്കൾ) മുതൽ നിയന്ത്രണങ്ങൾ ഒഴിവാകും. ഔറംഗാബാദ്, ബന്ദാര, ബുൽധാന, ചന്ദ്രപുർ, ധുലെ, ഗഡ്ചിറോളി, ഗോണ്ഡിയ, ജൽഗോൺ, ജൽന, ലാത്തൂർ, നാഗ്പൂർ, നന്ദേഡ്, നാഷിക്, പർഭാനി, താനെ, വാഷിം, വാർധ, യവത്മൽ എന്നീ ജില്ലകളിലാണ് ഇന്നു മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. ഈ ജില്ലകളിൽ എല്ലാ പ്രവർത്തനങ്ങളും കടകേമ്പാളങ്ങളും ഇനി സാധാരണ പോലെ പ്രവർത്തിക്കും.
ഡൽഹി: പകുതി സീറ്റുകളുമായി മെട്രോ ട്രെയിൻ സർവീസ് പ്രവർത്തിക്കും. മാളുകളും ആഴ്ചചന്തകളൊഴികെയുള്ള മറ്റു മാർക്കറ്റുകളും ഉൗഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. കടകളുടെ നമ്പർ അനുസരിച്ചാണ് ഉൗഴം നിശ്ചയിക്കുക. രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയായിരുക്കും പ്രവർത്തന സമയം.
റസിഡൻഷ്യൽ േകാപ്ലക്സുകളിലുള്ള എല്ലാ കടകളും എല്ലാ ദിവസങ്ങളിലും തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ ഒാഫീസുകൾക്ക് പകുതിയാളുകളുമായി പ്രവർത്തിക്കാം. സർക്കാർ ഒാഫീസുകളിൽ ഉയർന്ന ചുമതലയുള്ള ഗ്രൂപ്പ് ഏ ജീവനക്കാർ എല്ലാവരും മറ്റു ജീവനക്കാരിൽ പകുതിയാളുകളും ഒാഫീസിൽ എത്തണം.
ഉത്തർപ്രദേശ്: കോവിഡ് രോഗികളുടെ എണ്ണം 600 ൽ താഴെയായ 71 ജില്ലകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. ലഖ്നോ, ഗോരഖ്പൂർ, സഹാരൻപൂർ, മീററ്റ് എന്നീ ജില്ലകളിൽ കർഫ്യൂ തുടരും. ഇവിടങ്ങളിലെ രോഗികളുടെ എണ്ണം 600 ന് മുകളിലാണ്. കണ്ടയിൻമെന്‍റ് സോണുകൾക്ക് പുറത്തുള്ള കടകളും മാർക്കറ്റുകളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും. വരാണസി, മുസഫർനഗർ, ഗൂതം ബുദ്ധ് നഗർ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കണ്ടയിൻമെന്‍റ് സോണുകളുള്ളത്.
ഹരിയാന: റസ്റ്ററന്‍റുകളും ബാറുകളും മാളുകളും പകുതിയാളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. രാവിലെ 10 മുതൽ രാത്രി 8 വയൊണ് പ്രവർത്തന സമയം. രാത്രി പത്തുവരെ ഹോട്ടലുകളിൽ നിന്നുള്ള ഡോർ ഡെലിവറി അനുവദിക്കും. ഊഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾക്ക് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കാം. വൈകുന്നേരം 6 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്ന മാളുകൾക്ക് ഇനി 8 മണി വരെ പ്രവർത്തിക്കാം.
മതകേന്ദ്രങ്ങളിൽ ഒരു സമയം 21 ആളുകളെ പ്രവേശിപ്പിക്കാം. വീടുകൾക്കും കോടതികൾക്കും പുറത്ത് വിവാഹചടങ്ങുകൾ നടത്താനും ഇന്നു മുതൽ അനുമതിയുണ്ട്. വിവാഹം ഒഴികെയുള്ള ചടങ്ങുകളിൽ (ശവസംസ്കാരം പോലുള്ള) പരമാവധി 50 ആളുകൾക്ക് പങ്കെടുക്കാം. 50 ൽ അധികം ആളുകൾ പെങ്കടുക്കുന്ന ചടങ്ങുകൾക്ക് ഡെപ്യൂട്ടി കമീഷണറുടെ മുൻകൂർ അനുമതി തേടണം.
ഉത്തരാഖണ്ഡ്: ജൂൺ ഒമ്പത് മുതൽ 14 വരെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. മദ്യക്കടകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.