പോരാടാനുറച്ച്...സി.എ.എക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമയുദ്ധം
text_fieldsന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാൻ കേന്ദ്ര സർക്കാർ ചട്ടം പുറത്തിറക്കിയതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധം. ഒപ്പം നിയമയുദ്ധത്തിനും കളമൊരുങ്ങി. വിവാദ നിയമത്തിനെതിരെ 2019ൽ സുപ്രീംകോടതിയിലെത്തിയ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും ഡി.വൈ.എഫ്.ഐയും കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ അപേക്ഷകളുമായി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇരു കൂട്ടരും ആവശ്യപ്പെട്ടു.
വിദ്യാർഥികൾ സമരരംഗത്തിറങ്ങിയ അസമിൽ പ്രതിപക്ഷം ബന്ദിന് ആഹ്വാനം ചെയ്തു. നിയമം പൗരന്മാരെ വിഭജിക്കുന്നതാണെന്നും നടപ്പാക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. വിവേചനപരമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. 2019ൽ ശാഹീൻ ബാഗിലും ജാമിഅയിലും പൊട്ടിപ്പുറപ്പെട്ടതുപോലൊരു പൗരത്വ പ്രക്ഷോഭം ഉണ്ടാകാതിരിക്കാൻ തലസ്ഥാനനഗരി ശക്തമായ പൊലീസ് സന്നാഹത്തിലും നിരീക്ഷണത്തിലുമാക്കി. 2014 ഡിസംബർ 31നോ അതിന് മുമ്പോ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകാനുണ്ടാക്കിയ വിവാദ നിയമം 2019ൽ പാർലമെന്റ് പാസാക്കിയപ്പോൾതന്നെ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 250ഓളം ഹരജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. ചട്ടങ്ങളുണ്ടാക്കാനോ നിയമം നടപ്പാക്കാനോ ഇപ്പോൾ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് അന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്നാണ് അടിയന്തരമായി വാദം കേൾക്കാതെ സുപ്രീംകോടതി നീട്ടിവെച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ സുപ്രീംകോടതി വാദം നീട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് തിങ്കളാഴ്ച ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. പിന്നാലെ പൗരത്വ അപേക്ഷക്ക് വെബ്സൈറ്റും ആപ്പും തുറക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ചട്ടങ്ങൾ നടപ്പാക്കുന്നത് തടയാനുള്ള അപേക്ഷകൾ സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിവാദ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കേ ചട്ടങ്ങളുണ്ടാക്കി നടപ്പിൽ വരുത്താൻ കേന്ദ്രത്തെ അനുവദിക്കരുതെന്നാണ് ഇരു സംഘടനകളുടെയും ആവശ്യം. പാർലമെന്റ് പാസാക്കി നാലര വർഷമായിട്ടും നടപ്പാക്കാത്ത വിവാദ നിയമം സുപ്രീംകോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപിക്കും മുമ്പ് നടപ്പാക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ മുഖേന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സമർപ്പിച്ച അപേക്ഷയിൽ ബോധിപ്പിച്ചു. കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും പൗരത്വം നൽകുന്നതിന് എതിരല്ലെന്നും മതാടിസ്ഥാനത്തിലാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും അപേക്ഷയിലുണ്ട്. സുപ്രീംകോടതിയിലെ ഹരജി തീർപ്പാക്കുന്നതുവരെ ഏതെങ്കിലും മതവിഭാഗക്കാരെമാത്രം പൗരത്വ അപേക്ഷയിൽനിന്ന് ഒഴിവാക്കരുതെന്നും അവർക്കെതിരെ പൗരത്വ നിയമം, പാസ്പോർട്ട് നിയമം, വിദേശി നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ നടപടികൾ എടുക്കരുതെന്നും ലീഗിന്റെ അപേക്ഷയിലുണ്ട്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണെന്നും മുസ്ലിംകളെമാത്രം ഈ പ്രക്രിയയിൽനിന്ന് ഒഴിവാക്കുന്നത് മതപരമായ വിവേചനമാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ മുഖേന ഫയൽ ചെയ്ത അപേക്ഷയിൽ ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. കേസ് തീർപ്പാക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ഇരു അപേക്ഷകളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.