ക്രിസ്ത്യാനികൾക്കെതിരായ ആക്രമണ കണക്കുകൾ തെറ്റെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ സമർപ്പിച്ച ഹരജികളിൽ ബോധിപ്പിച്ച കണക്കുകൾ തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച ആക്രമണങ്ങളുടെ സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് ബോധിപ്പിക്കുന്നതെന്നും കേന്ദ്രം അവകാശപ്പെട്ടു. ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തുന്നതെന്നും ഇത് തെറ്റാണെന്നും കേന്ദ്രം വാദിച്ചു. രാജ്യത്ത് ക്രിസ്ത്യാനികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ തുടങ്ങിയവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.
ഈ കണക്കുകൾ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഹരജിക്കാർ സമർപ്പിച്ച ആക്രമണങ്ങളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. എന്നാൽ, ആ കണക്ക് ശരിയല്ല. ക്രിസ്ത്യാനികൾക്കെതിരെ 500 ആക്രമണങ്ങൾ നടന്നുവെന്നാണ് ഹരജിക്കാർ പറഞ്ഞത്. എന്നാൽ, ഈ കണക്കുകൾ കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് അയച്ചപ്പോൾ തെറ്റാണെന്നാണ് വ്യക്തമായത്.
ബിഹാറിൽ അയൽക്കാർ തമ്മിലുണ്ടായ കലഹം പരിഹരിക്കപ്പെട്ട ശേഷവും അക്രമ സംഭവങ്ങളുടെ പട്ടികയിൽപ്പെടുത്തിയെന്ന് മേത്ത വാദിച്ചു. ഇത്തരത്തിലാണ് രാജ്യത്തിന് പുറത്ത് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തുന്നതെന്നും ഇത് തെറ്റാണെന്നും മേത്ത പറഞ്ഞു.
ബുധനാഴ്ച കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹരജിക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് സുപ്രീംകോടതി മൂന്നാഴ്ച അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.