പ്രതിമയെക്കാൾ ഉയരെ അമർഷം; നർമദ തീരത്ത് ബി.ജെ.പി അങ്കലാപ്പിൽ
text_fieldsകെവാഡിയ/ബൊദേലി (ഗുജറാത്ത്): ആകാശമുയർന്നു നിൽക്കുന്ന ആ പ്രതിമക്കു കീഴിൽ അവർക്ക് എല്ലാമുണ്ട്. തങ്ങളിതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഹെലിപാഡ്, നാലുവരി പാത, ഒരുമയു ടെ പ്രതിമ നാടിനു നൽകിയ പ്രശസ്തി...അങ്ങനെ എല്ലാം. എന്നാൽ, ഒരു കാര്യത്തിനു മാത്രം മാറ്റമ ില്ല. കാലങ്ങളായി അവർ സഹിക്കുന്ന ദുരിത ജീവിതം അതുപോലെ തുടരുന്നു. 182 മീറ്ററിൽ സർദാർ വല്ലഭ ഭായ് പട്ടേൽ പ്രതിമ വന്നപ്പോൾ നർമദ ഡാം മേഖലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പ്രതിമയുടെ ഉയരത്തിൽ മുങ്ങിപ്പോയി. കുടിവെള്ളക്ഷാമവും തൊഴിലില്ലായ്മയും ചികിത്സസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം അങ്ങനെത്തന്നെ തുടരുകയാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകുമെന്നാണ് ഛോട്ടാ ഉദയ്പുർ ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള നർമദ ഡാം മേഖലയിലെ ആദിവാസി ജനത പറയുന്നത്. ബി.ജെ.പി ഏറ്റവും അഭിമാനപൂർവം പുറംലോകത്തിനു മുന്നിൽ കാഴ്ചവെക്കുന്ന പട്ടേൽ പ്രതിമ, അത് സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽതന്നെ തങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് പാർട്ടി ഭയക്കുന്നത്. സിറ്റിങ് സീറ്റിൽ വാഗ്ദാനങ്ങൾ പാലിക്കാത്ത ബി.ജെ.പിക്കെതിരായ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് സ്ഥാനാർഥി രൺജിത് രത്വ. മണ്ഡലത്തിലെ വികാരം മനസ്സിലാക്കിയിട്ടെന്നവണ്ണം ബി.ജെ.പി സിറ്റിങ് എം.പി രാംസിങ് രത്വയെ മാറ്റി പ്രാദേശിക നേതാവ് ഗീത രത്വയെ ആണ് ഇത്തവണ മത്സരിപ്പിക്കുന്നത്.
‘‘ഇതാണ് ഞങ്ങൾക്ക് കിട്ടിയത്. വി.ഐ.പികൾക്ക് വന്നിറങ്ങാൻ ഹെലിപാഡ്’’ -കെവാഡിയ ഗ്രാമത്തിനു പുറത്ത് ഹെലിപാഡിനായി അടയാളപ്പെടുത്തിയ ഭൂമി ചൂണ്ടിക്കാട്ടി 29കാരനായ കർഷകൻ ഉമാങ് താഡ്വി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒക്ടോബർ 31ന് പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം, ഭൂമി നഷ്ടപ്പെട്ട ആദിവാസി വിഭാഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ‘‘പ്രതിമ വരുന്നതോടെ ധാരാളം തൊഴിൽ ലഭ്യമാക്കുെമന്നായിരുന്നു വാഗ്ദാനം. അതുണ്ടായില്ലെന്നു മാത്രമല്ല, സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ ജോലി റിക്രൂട്ട്മെൻറ് നടത്തുന്നത്. ഞങ്ങളിലേക്ക് ഒരു വികസനവും ഇതുവരെ വന്നില്ല’’ -താഡ്വി വിശദീകരിക്കുന്നു.
ആദിവാസി വിഭാഗങ്ങൾ ചെയ്യാൻ മടിക്കുന്ന ശുചിമുറി വൃത്തിയാക്കലടക്കമുള്ള ജോലികൾ ചെയ്യിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. മേഖലയിൽനിന്ന് പലരും തൊഴിലിനായി സൂറത്തിലേക്കും മറ്റും കുടിയേറുകയാണ്. പ്രതിമക്കടുത്ത് ജീവിക്കുന്നവർ ആരും ബി.ജെ.പിക്ക് വോട്ടു നൽകില്ലെന്നാണ് ഗോര ഗ്രാമത്തിലെ രാമകൃഷ്ണ താഡ്വിയുടെ അഭിപ്രായം. ‘‘പ്രതിമയോട് ചേർന്ന് ജീവിക്കുന്ന ഏഴായിരത്തോളം വോട്ടർമാർ തീർത്തും അതൃപ്തിയിലാണ്. ഇതിൽ നിരവധി പേർക്ക് ഭൂമി നഷ്ടപ്പെട്ടു. നർമദ അണക്കെട്ടിനോട് ചേർന്ന് ജീവിക്കുന്നവരായിട്ടും ഞങ്ങൾ കടുത്ത ജലക്ഷാമം നേരിടുന്നു. ഇവിടെയൊന്നും തൊഴിൽ ഇല്ലാത്തതിനാൽ ഞാൻ ബറൂച്ചിലെ ഒരു ഫാക്ടറിയിലാണ് ജോലി നോക്കുന്നത്. ഇതിന് ബി.ജെ.പി വലിയ വില കൊടുക്കേണ്ടിവരും’’ -രാമകൃഷ്ണ രോഷാകുലനാകുന്നു. പ്രതിമക്കടുത്ത് ഉയരുന്ന നിരവധി പദ്ധതികൾക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള ഡോ. പ്രഫുൽ വാസവ അഭിപ്രായപ്പെടുന്നത്, മണ്ഡലത്തിലെ മറ്റു ഭാഗങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളും ഇത്തവണ രോഷത്തിലാണെന്നും അവർ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നുമാണ്. അതേസമയം, പ്രതിമ കാരണം ടൂറിസ്റ്റുകൾ ധാരാളമായി വരുന്നത് മേഖലയെ ഉണർത്തിയെന്ന് അവകാശപ്പെടുന്നവരും ഉണ്ട്. മേഖലയിലെ അഞ്ഞൂറോളം പേർക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചുവെന്നും ഇനിയും തൊഴിലുകൾ വരുമെന്നും പ്രദേശത്ത് ഭക്ഷണശാല നടത്തുന്ന മഹഷ് താഡ്വി അഭിപ്രായപ്പെടുന്നു.
കുടിവെള്ളവും തൊഴിലില്ലായ്മയുമെല്ലാമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും ജനങ്ങൾ ബി.ജെ.പിക്ക് തിരിച്ചടി നൽകുമെന്നും കോൺഗ്രസ് സ്ഥാനാർഥി രൺജിത് രത്വ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം, ജില്ല പഞ്ചായത്ത് അംഗമായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാർഥി ഗീത രത്വയും ജയിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.