പ്രതിമ നിർമാണം ജനഹിതം മാനിച്ചെന്ന് മായാവതി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രതിമ നിർമാണത്തെ സുപ്രീംകോടതിയിൽ ന്യായീകരിച്ച് ബി.എസ്.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ജനഹിതം മാനിച്ചാണ് പ്രതിമകൾ നിർമിച്ചതെന്നും അവർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
‘‘സാമൂഹിക പരിഷ്കർത്താക്കൾ, ഗുരുക്കന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ സ്മാരകങ്ങളും പ്രതിമകളും സ്ഥാപിച്ചത് അവരുടെ ദർശനങ്ങളും മൂല്യങ്ങളും പൊതുജനങ്ങൾക്കിടയിൽ എത്തിക്കാനാണ്. ബി.എസ്.പിയുടെ ചിഹ്നം ഉയർത്തിക്കാണിക്കാനോ നേതാക്കളെ മഹത്ത്വവത്കരിക്കാനോ അല്ല പ്രതിമകൾ നിർമിച്ചത്. നിയമസഭയുടെ അംഗീകാരത്തോടെ ബജറ്റിലാണ് പണം നൽകിയത്’’ -സത്യവാങ്മൂലത്തിൽ പറഞ്ഞു.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് പൊതുപണം ദുരുപയോഗം ചെയ്തും നിയമം ലംഘിച്ചുമാണ് പ്രതിമകൾ നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഹരജി തള്ളണമെന്ന് മായാവതി ആവശ്യപ്പെട്ടു.
മായാവതിയുടെയും അവരുടെ പാർട്ടി ചിഹ്നമായ ആനയുടേതുമടക്കം നിരവധി പ്രതിമകളാണ് ബി.എസ്.പി ഭരണത്തിൽ സ്ഥാപിച്ചത്. ഇതിന് ചെലവായ പൊതുപണം അന്നത്തെ മുഖ്യമന്ത്രിയായ മായാവതി കെട്ടിവെക്കണമെന്ന് ഫെബ്രുവരി എട്ടിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2008-09, 2009-10 ബജറ്റിൽ 2000 കോടി രൂപയാണ് മായാവതി സർക്കാർ പ്രതിമ നിർമാണത്തിന് െചലവഴിച്ചത്. 2009 മേയ് 29ന് സുപ്രീംകോടതി പ്രശ്നത്തിൽ ഇടപെടുകയും ഉത്തർപ്രദേശ് സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും െചയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.