'ബി.ജെ.പിയിൽ നിന്ന് രാജിവെക്കാതെ എ.എ.പിക്കായി പ്രവർത്തിക്കൂ'; ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകരോട് കെജ്‌രിവാൾ
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ എല്ലാ ബി.ജെ.പി പ്രവർത്തകരും ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ച് എ.എ.പി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് ശേഷം രാജ്കോട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയിൽ നിന്ന് രാജിവെക്കാതെ എ.എ.പിക്കായി പ്രവർത്തിക്കണമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്തിൽ എ.എ.പി അധികാരത്തിലെത്തുമ്പോൾ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബി.ജെ.പി പ്രവർത്തകർക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
"നിങ്ങൾക്ക് ബി.ജ.പിയിൽ തന്നെ തുടരാം. നിങ്ങളിൽ പലർക്കും ബി.ജെ.പിയിൽ നിന്നും പണം ലഭിക്കും. പക്ഷെ ഞങ്ങൾക്ക് നിങ്ങൾക്കായ് പണം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെങ്കിലും നിങ്ങൾ എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കണം"- കെജ്‌രിവാൾ പറഞ്ഞു. ഞങ്ങൾക്ക് ബി.ജെ.പി നേതാക്കളെ ആവശ്യമില്ല. എന്നാൽ ഗുജറാത്തിൽ നിരവധി താലൂക്കുകളിലെയും വില്ലേജുകളിലെയും ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകർ എ.എ.പിയിൽ ചേരുന്ന സാഹചര്യമാണ്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അധ്വാനിച്ചിട്ടും ബി.ജെ.പി നേതാക്കൾ എന്താണ് നിങ്ങൾക്ക് പകരമായി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും സൗജന്യ വൈദ്യുതിയും ബി.ജെ.പി സർക്കാർ ഉറപ്പ് വരുത്തിയിട്ടില്ലെന്നും എന്നാൽ എ.എ.പി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 27 വർഷത്തെ ബി.ജെ.പി ഭരണത്തിൽ നിന്ന് ഒന്നും ലഭിക്കാതെ ആ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിലെ പരാജയഭീതി മൂലമാണ് സംസ്ഥാനത്തെ എ.എ.പി അധ്യക്ഷൻ മനോജ് സൊറാത്തിയെ ബി.ജെ.പി ആക്രമിച്ചതെന്നും എ.എ.പിക്ക് വേണ്ടി പ്രവർത്തിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾ ഇനിയും ഇത്തരത്തിൽ അക്രമിക്കപ്പെടുമെന്ന് താൻ ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.