സി.എ.എ ചട്ടങ്ങളുടെ സ്റ്റേ; ഹരജികൾക്ക് പുതിയ തടസ്സങ്ങൾ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികൾ അടിയന്തരമായി തീർപ്പാക്കാൻ തടസ്സങ്ങൾ. ഒമ്പതിന് ഹരജികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്ര സർക്കാറിന്റെ വാദം ഇതുവരെ എഴുതി സമർപ്പിക്കാത്തതും അന്നേദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് മറ്റൊരു കേസ് കേൾക്കുന്നതുമാണ് സി.എ.എ ഹരജികൾക്കുള്ള കടമ്പ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ നാലരവർഷമായി പരിഗണിക്കാതിരുന്നതിന് സമാനമായ സ്ഥിതിവിശേഷം ചട്ടങ്ങൾ സ്റ്റേ ചെയ്യാനുള്ള അപേക്ഷകളുടെ കാര്യത്തിലുമുണ്ടാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
ചൊവ്വാഴ്ച ഹരജികൾ പരിഗണിക്കുന്നതിന് മുമ്പ് ഇരുകക്ഷികളും വാദങ്ങൾ എഴുതി സമർപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന പക്ഷത്തുള്ള ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അടക്കമുള്ള ഹരജിക്കാർ രേഖാമൂലം വാദങ്ങൾ സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇനിയും നൽകിയിട്ടില്ല. കേസ് ഒമ്പതിന് പരിഗണിക്കരുതെന്നും ഒരാഴ്ചകൂടി നീട്ടിവെക്കണമെന്നും കേന്ദ്ര സർക്കാറിന്റെ അഭിഭാഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെയാണ് ചൊവ്വാഴ്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ചേരുന്ന കാര്യവും കേസ് പട്ടികയിലുള്ളത്. ചൊവ്വാഴ്ചത്തെ കേസ് പട്ടികയിൽ സി.എ.എ ഹരജികൾ ഉണ്ടെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് ചേർന്നില്ലെങ്കിൽ മാത്രമേ ഈ ഹരജികൾ പരിഗണിക്കൂവെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.എ.എ സ്റ്റേ ആവശ്യം പരിഗണിക്കാൻ ഒമ്പതംഗ ബെഞ്ചിന്റെ ഇരുത്തം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഇതിനുശേഷം മറ്റൊരു കേസ് കൂടി പരിഗണിക്കാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനാൽ അതുകൂടി കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ഇരട്ട പൗരത്വം നിയമവിരുദ്ധം -ലീഗ്
പൗരത്വ ഭേദഗതി നിയമം വഴി പൗരത്വം നേടുന്നവർക്ക് ഇരട്ട പൗരത്വം ലഭിക്കുമെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ മുഖേന രേഖാമൂലം സമർപ്പിച്ച വാദത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. 1955ലെ പൗരത്വ നിയമത്തിലെ ഒമ്പതാം വകുപ്പും ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദവും ഒരുപോലെ വിലക്കിയതാണ് ഇരട്ട പൗരത്വമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. എന്നാൽ, സി.എ.എ ചട്ടങ്ങൾ പ്രകാരം പൗരത്വത്തിന് അപേക്ഷ സമർപ്പിക്കുന്നവർ തങ്ങൾ വന്ന രാജ്യത്തെ പൗരത്വം ഉപേക്ഷിക്കേണ്ടതില്ലെന്നത് ഇരട്ട പൗരത്വത്തിലാണ് കലാശിക്കുകയെന്ന് വാദത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.