വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ; മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം തിരികെ ലഭിക്കും
text_fieldsന്യൂഡൽഹി: എൻ.സി.പിയുടെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, വധശ്രമക്കേസിൽ കുറ്റവാളിയാണെന്ന കവരത്തി കോടതി വിധി മരവിപ്പിക്കാത്ത കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം.പിയായി തുടരാമെന്നും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫൈസലിനെയും കുടുംബത്തിലെ മൂന്നുപേരെയും കവരത്തി ജില്ല സെഷൻസ് 10 വർഷം തടവിന് ശിക്ഷിച്ചത്. ഫൈസൽ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി നിർദേശ പ്രകാരം രണ്ടാമതും കേരള ഹൈകോടതി പരിഗണിച്ചിരുന്നു. ജയിൽ ശിക്ഷ സ്റ്റേ ചെയ്തെങ്കിലും കുറ്റവാളിയാണെന്ന വിചാരണ കോടതി വിധി ഹൈകോടതി മരവിപ്പിച്ചിരുന്നില്ല. തുടർന്ന് ലോക്സഭാ സ്പീക്കർ രണ്ടാമതും ഫൈസലിനെ അയോഗ്യനാക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവിനെതിരെ ഫൈസൽ നൽകിയ അപ്പീൽ സുപ്രീംകോടതി അംഗീകരിച്ചു. കോൺഗ്രസും എൻ.സി.പിയും തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്നും എല്ലാ സാക്ഷികളും കോൺഗ്രസുകാരാണെന്നും ഫൈസലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. എഫ്.ഐ.ആർ പ്രകാരം, ഫൈസലിന്റെ പക്കൽ ആയുധമുണ്ടായിരുന്നില്ല. ഫൈസൽ എം.പിയായ ശേഷം കേസിലെ കഥ മാറ്റിയെന്നും എഫ്.ഐ.ആർ തിരുത്തി, വധിക്കാനുള്ള ആയുധമെന്ന നിലയിൽ ഇരുമ്പുദണ്ഡ് കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്നും സിബൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.