ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി സ്റ്റേ. ഫെബ്രുവരി 24 വരെയാണ് കേസ് നടപടികൾക്ക് കർണാടക ഹൈകോടതി സ്റ്റേ അനുവദിച്ചത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ ഇതുവരെയുള്ള നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഏജൻസിയായ സി.ബി.ഐയോട് ഹൈകോടതി നിർദേശിച്ചു. തനിക്ക് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസും തന്റെ മകൾക്ക് സി.ബി.ഐയുടെ നോട്ടീസും ലഭിച്ചതായും രാഷ്ട്രീയ പ്രതികാരമെന്നോണം കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുകയാണെന്നും കഴിഞ്ഞദിവസം ഡി.കെ. ശിവകുമാർ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളെമാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യം വെക്കുന്നതെന്നും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കുനേരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ശിവകുമാറിന് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെടുന്നത്.
സി.ബി.ഐ, ഇ.ഡി നോട്ടീസുകൾക്കെതിരെ ശിവകുമാർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വെള്ളിയാഴ്ച ജസ്റ്റിസ് കെ. നടരാജനാണ് ഹരജി പരിഗണിച്ചത്. ശിവകുമാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.എച്ച്. ജാദവ് ഹാജരായി. വരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.കെ. ശിവകുമാറിനെ മാനസികമായി സമ്മർദത്തിലാക്കാൻ കേന്ദ്ര ഏജൻസികളായ സി.ബി.ഐയും ഇ.ഡിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശിവകുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും തുടർച്ചയായി അന്വേഷണ ഏജൻസികൾ നോട്ടീസ് നൽകുകയാണ്. 2020ൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികളെ കുറിച്ച് ആരാഞ്ഞ ഹൈകോടതി, എപ്പോഴാണ് സി.ബി.ഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന് ചോദിച്ചു. തുടർന്ന് കേസിന്റെ അടുത്ത ഹിയറിങ് വരെ അന്വേഷണ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
2017 ആഗസ്റ്റിലാണ് ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസി റെയ്ഡ് നടക്കുന്നത്. അന്ന് ഗുജറാത്തിലെ രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുക്കാൻ ബി.ജെ.പി ഓപറേഷൻ താമരക്ക് വട്ടം കൂട്ടുന്നതിനിടെ എ.ഐ.സി.സി നേതൃത്വം ഗുജറാത്തിൽനിന്നുള്ള 44 കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു. എം.എൽ.എമാരെ കർണാടകയിലേക്ക് എത്തിക്കുന്നതിന് റിസോർട്ടിൽ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും നേതൃത്വം നൽകിയത് ഡി.കെ. ശിവകുമാറായിരുന്നു. ഇതിനെ തുടർന്ന് ആഗസ്റ്റ് രണ്ടിന് പുലർച്ചെ സായുധരായ കേന്ദ്ര സേനയുടെ അകമ്പടിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ടിൽ റെയ്ഡ് നടത്തി. ശിവകുമാറുമായി ബന്ധപ്പെട്ട കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫിസുകളിലുമടക്കം രാജ്യത്തെ 67 കേന്ദ്രങ്ങളിലും തുടർന്ന് പരിശോധന നടന്നു. അന്വേഷണത്തിന്റെ ഭാഗമായി കണക്കിൽപെടാത്ത ഒമ്പത് കോടിയുടെ പണവും കോടികളുടെ സ്വത്തും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
ആദായ നികുതി വകുപ്പിന്റെ കുറ്റപത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2018ൽ ശിവകുമാറിനെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിറകെ സി.ബി.ഐയും ശിവകുമാറിനെതിരെ രംഗത്തുവന്നു. ഇ.ഡി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവകുമാറിനെതിരെ കേസെടുക്കാൻ കർണാടക സർക്കാറിൽനിന്ന് സി.ബി.ഐ അനുമതി തേടി. 2019 സെപ്റ്റംബറിൽ ഇ.ഡി കേസിൽ ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് തിഹാർ ജയിലിൽ കഴിഞ്ഞ ശിവകുമാറിന് ഡൽഹി ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കർണാടക കോൺഗ്രസ് അധ്യക്ഷനായ ശിവകുമാറിന് കീഴിൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കവെയാണ് വീണ്ടും കേന്ദ്ര ഏജൻസികളുടെ വേട്ട.
നിലവിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രജാധ്വനി യാത്ര നയിക്കുകയാണ് ശിവകുമാർ. പ്രതിപക്ഷ പാർട്ടി നേതാക്കളെ മാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യം വെക്കുന്നതെന്നും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കുനേരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മിക്ക ബി.ജെ.പി നേതാക്കൾക്കും വരവിൽ കവിഞ്ഞ സ്വത്തുണ്ട്. എന്നാൽ, അവരിലൊരാളുടെ വീട്ടിൽപോലും സി.ബി.ഐ റെയ്ഡ് നടത്തുന്നില്ല. ഒരു ബി.ജെ.പി എം.എൽ.എമാരുടെയും നേരെ റെയ്ഡ് നടത്താൻ നിയമസഭ സ്പീക്കർ (ബി.ജെ.പി അംഗം വിശേശ്വർ ഹെഗ്ഡെ കാഗേരി) അനുമതി നൽകുന്നില്ല; ഞാൻ മാത്രമാണ് ടാർഗറ്റ് ചെയ്യപ്പെടുന്നത്- ശിവകുമാർ പറഞ്ഞു.
നാഷനൽ എജുക്കേഷൻ ഫൗണ്ടേഷൻ എന്ന ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് ഡി.കെ. ശിവകുമാർ. മകളായ ഡി.കെ.എസ്. ഐശ്വര്യ ട്രസ്റ്റ് സെക്രട്ടറിയും കുടുംബാംഗങ്ങൾ ട്രസ്റ്റ് അംഗങ്ങളുമാണ്.‘നാഷനൽ ഹെറാൾഡി’ന് ഞാൻ നൽകിയതുമായി ബന്ധപ്പെട്ട് എന്നെ ഇ.ഡി മുമ്പ് ചോദ്യം ചെയ്യുകയും ഞാൻ മറുപടി നൽകുകയും ചെയ്തതാണ്. ഇപ്പോൾ ഫെബ്രുവരി 22ന് വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ അവർ ആവശ്യപ്പെടുന്നു. ഞാൻ പ്രജാധ്വനി യാത്രയുമായി മുന്നോട്ടുപോകണോ അതോ ഇ.ഡിക്ക് മുന്നിൽ ഹാജരാകണോ? എന്തു ചെയ്യാനാകുമെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ് -അദ്ദേഹം പ്രജാധ്വനി യാത്രക്കിടെ ശിവമൊഗ്ഗയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.