ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു -കുമാരസ്വാമി
text_fieldsബംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബി.ജെ.പി അനുകൂല പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്ത്.
2018ൽ കോൺഗ്രസുമായി സഖ്യം ചേർന്ന് കർണാടകയിൽ സർക്കാർ രൂപവത്കരിക്കുന്നതിനു പകരം ജെ.ഡി.എസ്, ബി.ജെ.പിയുമായി സഖ്യം ചേർന്നിരുന്നെങ്കിൽ ഇപ്പോഴും സുരക്ഷിതമായി അധികാരത്തിൽ തുടരാൻ കഴിയുമായിരുെന്നന്ന് കുമാരസ്വാമി പറഞ്ഞു. ബിഡദിയിൽ ജെ.ഡി.എസ് പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് കുമാരസ്വാമിയുടെ തുറന്നുപറച്ചിൽ.
പിതാവ് ദേവഗൗഡ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ധാരണയിലെത്തിയതിനാലാണ് കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചത്. എന്നാൽ, കോൺഗ്രസുമായി സഖ്യം അധിക കാലം നീണ്ടുനിന്നില്ല. ആ സമയത്ത് ബി.ജെ.പിയുമായി സഖ്യം ചേർന്നിരുന്നെങ്കിൽ സർക്കാർ താഴെ വീഴുമായിരുന്നില്ല.
അഞ്ചുവർഷം സുരക്ഷിതമായി അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നു. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെയും മണ്ഡലത്തിലെ വോട്ടർമാരുടെയും താൽപര്യം മുൻനിർത്തി ബി.ജെ.പി സർക്കാറിലെ ആരുമായും ശത്രുത പുലർത്തില്ല. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തന്നോട് നല്ല രീതിയിലാണ് ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.