സ്റ്റെർലിങ് കേസ്; അഹ്മദ് പട്ടേലിെൻറ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് പരിശോധന
text_fieldsന്യൂഡൽഹി: സ്റ്റെർലിങ് ബയോടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിെന എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ചേതൻ, നിതിൻ സന്ദേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്പനിക്കെതിരെ 2017 ഒക്ടോബറിൽ സി.ബി.ഐ കേസെടുത്തിരുന്നു.
ഇവരുമായി പട്ടേലിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരം പട്ടേലിെൻറ വസതിയിൽ വെച്ചാണ് എൻഫോഴ്‌സ്‌മെൻറ് സംഘം മൊഴിയെടുക്കുന്നത്. 65 വയസ്സിനു മുകളിൽ പ്രായമുള്ളതിനാൽ കോവിഡ് -19 ചട്ടങ്ങൾ പാലിച്ചാണ് മൊഴി രേഖപ്പെടുത്തുന്നതെന്ന് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇതേ കേസിൽ 2019 ഓഗസ്റ്റിൽ പട്ടേലിെൻറ മകെനയും മരുമകൻ ഇർഫാൻ സിദ്ദിഖിനെയും ചോദ്യം ചെയ്തിരുന്നു.
ചേതനും നിതിൻ സന്ദേശരയും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇരുവരും കുടുംബത്തോടൊപ്പം രാജ്യംവിട്ടിരുന്നു. ഈ കേസിൽ ഇതുവരെ 14,500 കോടി രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.
അതേസമയം, മോദിസർക്കാറിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന പട്ടേലിനെ രാഷ്ട്രീയമായി ഒതുക്കാൻ എൻഫോഴ്സ്മെൻറിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ കേന്ദ്രങ്ങൾ ആരോപിച്ചു. ഇന്ത്യ -ചൈന സംഘർഷ വേളയിൽ, ചൈനീസ് പ്രസിഡൻറുമായി മോദി പുലർത്തുന്ന അടുപ്പവും സന്ദർശന വിവരവുമെല്ലാം വ്യക്തമാക്കി പട്ടേൽ ആഞ്ഞടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.