അടുത്ത ഘട്ട വാക്സിൻ വിതരണം നാളെ മുതൽ; മിക്ക സംസ്ഥാനങ്ങളിലും അനിശ്ചിതത്വം, രണ്ടാം ഡോസുകാർക്ക് മുൻഗണന
text_fieldsന്യൂഡൽഹി: 18 വയസുമുതലുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ആശങ്ക പങ്കുവെച്ച് സംസ്ഥാനങ്ങൾ. മിക്ക സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം മൂലം വാക്സിനേഷൻ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുമ്പ് 45 വയസിന് മുകളിലുള്ളവരുടെ രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കണമെന്നതാണ് പ്രധാന വെല്ലുവിളി. അതിനാൽതന്നെ രണ്ടാം ഡോസ് എടുക്കുന്നവർക്കായിരിക്കും മിക്ക സംസ്ഥാനങ്ങളും പ്രധാന്യം നൽകുക.
മധ്യപ്രദേശിൽ മേയ് ഒന്നിന് പുതിയ വാക്സിൻ വിതരണം ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. 45വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. 'കോവിഷീൽഡ്, കോവാക്സിൻ നിർമാതാക്കളുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു. അവരുമായി സംസാരിച്ചതിലൂടെ മേയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കാൻ കഴിയില്ലെന്ന് മനസിലാക്കി. അതിനാൽ യുവജനങ്ങൾക്ക് മേയ് ഒന്നുമുതൽ വാക്സിനേഷൻ ആരംഭിക്കില്ല' -ശിവരാജ് സിങ് പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
ഏപ്രിൽ 28ന് കോവിൻ പ്ലാറ്റ്ഫോമിലൂടെ 18 വയസിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാത്രി വരെ 1.33 കോടി പേരാണ് വാക്സിൻ രജിസ്ട്രേഷൻ ചെയ്യതത്.
രണ്ടാം ഡോസ് വാക്സിനെടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കായിരിക്കും മുൻഗണന നൽകുകയെന്ന് കേരളം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ മേയ് ഒന്നുമുതൽ വാക്സിനേഷൻ ആരംഭിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രക്ക് മൂന്നുലക്ഷം കോവിഡ് വാക്സിൻ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും വാക്സിൻ ഡോസുകൾ വെച്ച് അടുത്ത ഘട്ട വാക്സിനേഷൻ ആരംഭിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.
മുംബൈയിൽ 18നും 44നും ഇടയിൽ പ്രയാമുള്ളവർക്ക് വാക്സിനേഷൻ മൂന്നുദിവത്തേക്ക് ആരംഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ വാക്സിൻ ഇല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറിയിച്ചു. 10ലക്ഷം ഡോസ് വാക്സിൻ വേണമെന്നാണ് പഞ്ചാബ് സർക്കാറിന്‍റെ ആവശ്യം. രാജസ്ഥാനിലും തമിഴ്നാട്ടിലും ഇതേ സ്ഥിതിയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.