മേഘാലയ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsതുറ: മേഘാലയ മുഖ്യമന്ത്രി കോർണാഡ് സാങ്മയുടെ തുറയിലെ ഓഫിസിന് നേരെ ആക്രമണം. ഇന്നലെ അർധരാത്രി നടന്ന കല്ലേറിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കല്ലേറ് നടക്കുമ്പോൾ മുഖ്യമന്ത്രിയും പബ്ലിക് ഹെൽത്ത് എൻജിനീയറിങ് മന്ത്രി മാർക്യൂസ് എൻ മാരക്കും ഓഫിസിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരിക്കില്ല. എന്നാൽ, മുഖ്യമന്ത്രിക്ക് ഓഫിസിൽ നിന്ന് പുറത്തിറങ്ങാനായില്ല. ആക്രമണവുമായി ബന്ധപ്പെട്ട് 18 പേർ പിടിയിലായി.
തുറയെ ശീതകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗാരോ ഹിൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകൾ 14 ദിവസമായി നിരാഹാര സമരം നടത്തിവരികയാണ്. ഈ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടക്കവെയാണ് ഓഫിസിന് നേർക്ക് ആക്രമണമുണ്ടായത്.
ആചിക് കോൺഷ്യസ് ഹോളിസ്റ്റിക് ഇന്റഗ്രേറ്റഡ് ക്രിമ (എ.സി.എച്ച്.ഐ.കെ), ഗാരോ ഹിൽസ് സ്റ്റേറ്റ് മൂവ്‌മെന്‍റ് കമ്മിറ്റി (ജി.എച്ച്.എസ്.എം.സി) എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. ചർച്ച സമാധാനപരമായി മൂന്നു മണിക്കൂർ പിന്നിട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കല്ലേറുണ്ടായത്. അതേസമയം, ആഗസ്റ്റ് എട്ടിനോ ഒമ്പതിനോ വീണ്ടും പ്രശ്ന പരിഹാര ചർച്ച നടത്താൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) രണ്ടാം തവണയാണ് മേഘാലയയി അധികാരത്തിലേറിയത്. 60 നിയമസഭ സീറ്റിൽ 26 എണ്ണത്തിൽ ജയിച്ചാണ് എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ബി.ജെ.പി, എച്ച്.എസ്.പി.ഡി.പി, പി.ഡി.എഫ്, യു.ഡി.പി, രണ്ടു സ്വതന്ത്രർ എന്നിവരുടെ പിന്തുണ കോൺറാഡ് സാങ്മക്കാണ്.
എൻ.പി.പിയുടെ സഖ്യകക്ഷിയായിരുന്ന യു.ഡി.പി 12 സീറ്റുമായി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവർ അഞ്ചു വീതം സീറ്റു നേടി. പുതിയ കക്ഷിയായ വി.പി.പി നാലു സീറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.