ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ കല്ലേറ്
text_fieldsന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനു പിന്നാലെ ജെ.എൻ.യുവിൽ സംഘർഷാവസ്ഥ. വിദ്യാർഥികൾക്ക് നേരെ കല്ലെറിഞ്ഞു. എ.ബി.വി.പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രദർശനത്തിനു തൊട്ടുമുമ്പ് വൈദ്യുതി വിച്ഛേദിച്ചതിനാൽ ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലുമായിരുന്നു വിദ്യാർഥികൾ ഡോക്യുമെന്‍ററി കണ്ടത്.
വിദ്യാർഥി യൂനിയൻ ഓഫിസിലെ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ പ്രദർശനം നടന്നില്ല. തുടർന്നാണ് ലാപ്‌ടോപ്പിലും മൊബൈലിലും കണ്ടത്. പ്രദർശനത്തിനു പിന്നാലെ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ പലർക്കും പരിക്കേറ്റതായാണ് വിവരം.
ബി.ബി.സിയുടെ ഡോക്യുമെന്‍ററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദർശനം തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. '2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എൻ.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂനിവേഴ്‌സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർഥികൾ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂനിവേഴ്‌സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും'- എന്നാണ് രജിസ്ട്രാർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.