Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റപ്പെട്ട് പി.ടി....

ഒറ്റപ്പെട്ട് പി.ടി. ഉഷ; ‘മുട്ടിലിഴയുന്നത് അവസാനിപ്പിക്കൂ’-ട്രോളുകളായി നിറഞ്ഞ് പരിഹാസം

text_fields
bookmark_border
PT Usha
cancel

കോഴിക്കോട്: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ വിമർശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ ഒറ്റപ്പെട്ടു. കായിക, രാഷ്ട്രീയ, സിനിമാ മേഖലകളിൽനിന്നടക്കം ഉഷയുടെ നടപടിയെ നിശിതമായി വിമർശിച്ച് പലരും രംഗത്തുവന്നു. താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും കായിക മേഖലക്ക് അതു ഗുണകരമല്ലെന്നുമുള്ള പി.ടി. ഉഷയുടെ പരാമർശമാണ് കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഈ ഘട്ടത്തിൽ തങ്ങളെ ചേർത്തുപിടിക്കുമെന്ന് ​പ്രതീക്ഷിച്ച ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയിൽ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് വ്യക്തമാക്കി സമരരംഗത്തുള്ള ഗുസ്തി താരങ്ങൾ തുടക്കത്തിലേ രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ, ​തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര, ഒളിമ്പിക് സ്വർണമെഡൽ നേതാവ് നീരജ് ചോപ്ര, ക്രിക്കറ്റ് ഇതിഹാസം കപിൽദേവ്. നടി പൂജാ ഭട്ട്, മഹ്ബൂബ മുഫ്തി തുടങ്ങി നിരവധി പ്രമുഖർ ഉഷയു​ടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

താരങ്ങൾ തെരുവിലിറങ്ങി സമരം ചെയ്ത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്യുന്നതിന് പകരം ഒളിംപിക് അസോസിയേഷന്റെ അത്‍ലറ്റ്സ് കമീഷനു മുൻപാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നായിരുന്നു ഉഷയുടെ ആവശ്യം. ബ്രിജ് ഭൂഷണിനെതിരെ താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുമെന്ന് ഉഷ പറയുമ്പോള്‍ അയാള്‍ക്കെതിരായ പീഡന ആരോപണങ്ങളും കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ഇന്ത്യയില്‍ റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ എന്നാണ് ‘നിങ്ങൾ മുട്ടിലിഴയുന്നത് അവസാനിപ്പിക്കൂ’ എന്ന ഹാഷ്ടാഗോടെ മഹുവ മൊയ്ത്ര ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചത്.

‘ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായക്ക് ദോഷകരമാകുന്നുവെന്നാണ് പി.ടി. ഉഷയുടെ നിരീക്ഷണം. ഭരണകക്ഷി എം.പിയും വര്‍ഷങ്ങളോളം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനുമായിരുന്ന വ്യക്തിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഡൽഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിയുമെല്ലാം രാജ്യത്ത് റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ? ’- ഉഷക്കെതിരെ മഹുവയു​ടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ഉഷ കായിക താരങ്ങളെ അവഗണിച്ചെന്ന വിമർശനവുമായാണ് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയത്. ‘നീതിക്ക്​ വേണ്ടിയുള്ള നിങ്ങളുടെ സഹ കായിക താരങ്ങളുടെ പ്രതിഷേധത്തെ ഇകഴ്ത്തിയത് ശരിയായില്ല. അവകാശങ്ങൾക്കായി അവർ പോരാടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ല. അവരുടെ പരാതി പരിശോധിച്ച് യുക്തമായ നടപടി കൈക്കൊള്ളുന്നതിനു പകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നത്. അവരുടെ ആശങ്കകൾ അവഗണിക്കുന്നതിന് പകരം അക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്’- ശശി തരൂർ ട്വീറ്റ് ചെയ്തു.

‘ലൈംഗിക പീഡന പരാതികൾ പരിശോധിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ കമ്മിറ്റിയുണ്ട്. താരങ്ങളുടെ കമീഷനുമുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവർ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങൾ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കും. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങൾക്കും ഇന്ത്യയെ പ്രതിനിധാനം ചെയ്ത മറ്റെല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷൻ. പക്ഷേ, അത് നിയമാനുസൃതമായി മാത്രമാണ്. തെരുവിൽ ധർണയിരുന്ന് താരങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടുന്നത് എന്നെ നിരാശപ്പെടുത്തുന്നു’ – ഇതായിരുന്നു താരങ്ങൾക്കെതിരെ ഉഷയുടെ വിവാദ പരാമർശം. താരങ്ങൾ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട് എന്നും ‘പയ്യോളി എക്സ്പ്രസ്‘ പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തുവന്ന നീരജ് ചോപ്ര, നീതിക്കായി അത്‍ലറ്റുകൾക്ക് തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ അതിവേഗ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രാജ്യത്തെ പ്രതിനിധാനം ചെയ്ത് അഭിമാനം ഉയർത്തിയവരാണ് അത്‍ലറ്റുകൾ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ആത്മാഭിമാനം സം​രക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിക്കുന്നത്. വളരെ വൈകാരികമായൊരു വിഷയമാണ്. ഇക്കാര്യത്തിൽ പക്ഷപാതിത്വമില്ലാ​തെയും സുതാര്യമായും തീരുമാനമെടുക്കണം’- നീരജ് ചോപ്ര ആവശ്യപ്പെട്ടു. ഇവർക്ക് എപ്പോഴെങ്കിലും നീതി കിട്ടുമോ എന്ന ചോദ്യത്തോടെ ഗുസ്തി താരങ്ങൾ വാർത്തസമ്മേളനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് കപിൽദേവ് പങ്കുവെച്ചത്.

ചെറുപ്പത്തിൽ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രതികരിച്ചു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി.ടി. ഉഷ ചെയ്യേണ്ടതെന്ന് സി.പി.എം നേതാവ് പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. മുൻ മന്ത്രി തോമസ് ഐസക്ക് ഉഷയുടെ പ്രസ്താവനയെ ട്വിറ്ററിൽ ചോദ്യം ചെയ്തു. ‘കുട്ടിക്കാലത്ത് ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി.ടി. ഉഷ. അവരുടെ വാക്കുകൾ വല്ലാതെ മുറിപ്പെടുത്തി. അവരോട് ഒന്നു ചോദിക്കട്ടെ. മുമ്പ് ഉഷയുടെ അക്കാദമി ആരോ തകർത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞുവിളിച്ച് പ്രതികരിച്ചപ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേ?’ – ഗുസ്തി താരം ബജ്റങ് പൂനിയ ഉഷക്കുനേരെ മറുചോദ്യമുന്നയിച്ചാണ് പ്രതികരിച്ചത്. നടി പൂജാ ഭട്ടും ഉഷയു​ടെ പരാമർശങ്ങളിൽ പ്രതിഷേധിച്ചു.

‘ഉഷയു​ടെ ഭാഷയിൽ, സമാധാനപരമായി സമരം ചെയ്യുന്ന വനിതാ അത്‍ലറ്റുകളാണ് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നത്, അല്ലാതെ പീഡനാരോപിതനായ ബി.ജെ.പി എം.പിയല്ല. എന്തൊരു വിരോധാഭാസം’ -ഒരാൾ ട്വിറ്ററിൽ കുറിച്ചു. ബ്രിജ്ഭൂഷൺ സിങ്ങിനെ ന്യായീകരിക്കുന്നതിന് ഉഷക്ക് ബി.ജെ.പിയിൽനിന്ന് മറ്റൊരു മെഡൽ കിട്ടിയതായി ഒരാൾ കളിയാക്കി. ഒളിമ്പിക്സിൽ അന്ന് ഉഷ ജയിച്ചില്ലെന്നതിൽ ഇപ്പോൾ സന്തോഷമുണ്ടെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഉഷ അക്കാദമിക്കെതിരെ ചിലർ പ്രവർത്തിക്കുന്നുവെന്നും മുഖ്യമ​ന്ത്രി ഇടപെടണമെന്നും ഒക്കെ ആവശ്യപ്പെട്ട് പണ്ട് കരഞ്ഞു കണ്ണീരൊലിപ്പിച്ച് നടത്തിയ വാർത്താസമ്മേളനത്തി​ന്റെ ദൃശ്യങ്ങളും ചില ട്വിറ്ററാറ്റികൾ കുത്തിപ്പൊക്കിയിട്ടുണ്ട്.

കേരളത്തിൽ ഉൾപെടെ സമൂഹ മാധ്യമങ്ങളിലും പി.ടി ഉഷയുടെ നിലപാടിനും പരാമർശങ്ങൾക്കുമെതിരെ വിമർശനവും പ്രതിഷേധവും കനക്കുകയാണ്. പണ്ട് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായതി​ന്റെ ‘മേനി’ പറയു​ന്നവർ ഒളിമ്പിക് മെഡൽ ജേതാക്ക​ളുടെ സമരത്തെ ഇകഴ്ത്തുന്നത് ചോദ്യം ചെയ്യുന്നുണ്ട് പലരും. ‘പി.ടി. ഉഷയെ പോലെ ഒളിമ്പിക്സിൽ മുടിനാരിഴയ്ക്ക് വെങ്കലം നഷ്ടമായ ‘നേട്ട’മല്ല സാക്ഷി മലികിനുള്ളത്. ഒളിമ്പിക്സിൽ അവർക്ക് ശരിക്കും വെങ്കലമുണ്ട്. ഒളിമ്പിക്സിലെ പതക്കമാണ് ഒരു കായിക താരം രാജ്യത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനം. രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്തുന്നത് അങ്ങിനെയാണ്. ഈ രാജ്യത്തിന്റെ അഭിമാനമാണ് സാക്ഷിയും വിനേഷ് ഫോഗട്ടുമുൾപ്പെടെയുള്ള ഗുസ്തി പെൺകൊടികൾ. ബി.ജെ.പി എം.പിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണത്തിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ വീണ്ടും രാപ്പകൽ സമരത്തിനിറങ്ങിയത്. സ്ത്രീകളുടെ മാനത്തിന് വില നൽകാതെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ സമരക്കാരികളെ അപമാനിച്ചത് ആരുടെ നിർദേശപ്രകാരമാകും? ലൈംഗിക പീഡന കേസിൽ നടപടിയാവശ്യപ്പെട്ട് സമരം ചെയ്യുന്നതാണോ ഈ അഭിമാന താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതാണോ രാജ്യത്തിന്റെ അഭിമാനമുയർത്തുകയെന്നത് ചിന്തിക്കണം. സ്വന്തം പദവി സംരക്ഷിക്കാൻ സ്ത്രീകളുടെ മാനം തകർക്കുന്ന ഉഷ മാപ്പുപറയണം.’ -ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ കുറിച്ചു.

‘അമേരിക്കയിൽ ജിംനാസ്റ്റിക്സ് താരങ്ങളെ പീഡിപ്പിച്ച നാസർ എന്ന ഡോക്ടർക്ക്‌ എതിരെ ഒളിമ്പിക്സ്‌ മെഡൽ താരങ്ങൾ വരെ പൊതുവേദിയിൽ‌ വന്ന് വിളിച്ച്‌ പറഞ്ഞപ്പോൾ കായിക ലോകം മുഴുവൻ അവർക്ക്‌ പിന്തുണ നൽകി. നാസറിനെ കോടതി ശിക്ഷിച്ചു. പി.ടി. ഉഷ ബി.ജെ.പി. നേതാവിനു ചൂട്ട്‌ പിടിക്കുകയാണു ... ഗുസ്തി താരങ്ങൾ നീതിക്ക്‌ വേണ്ടിയാണു പോരാടുന്നത്, തങ്ങളെ പീഡിപ്പിച്ചവനെതിരെയാണു ആ അതിജീവിതകൾ രംഗത്ത്‌‌ വന്നത്‌. ആ അതിജീവിതകളുടെ നീതിക്ക്‌‌ വേണ്ടിയാണു സാക്ഷിയും മറ്റും സമരം ചെയ്യുന്നത്‌‌ ... തന്റെ നേതാവിനെ സംരക്ഷിക്കുമ്പോഴാണു ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ തകർന്ന് വീഴുന്നത്‌ ... ഉഷയുടെ പ്രതിച്ഛായയാണു സാക്ഷിയെയും കൂട്ടരെയും തള്ളി പറയുമ്പോൾ തകരുന്നത്‌. ‘ മറ്റൊരാൾ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushaWrestlers protest
News Summary - 'Stop Crawling'-troll-filled sarcasm against P. T. Usha
Next Story