'കോൺഗ്രസിനെ പോലെ കിടന്ന് കരയാതെ.. ധൈര്യമുണ്ടെങ്കിൽ ഞങ്ങളോട് മത്സരിക്കൂ..' ബി.ജെ.പിയോട് മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കുന്ന ബി.ജെ.പിയെ പരിഹസിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോൺഗ്രസിനെ പോലെ കരയരുതെന്നാണ് സിസോദിയ ബി.ജെ.പിയോട് ആവശ്യപ്പെട്ടത്.
'കോൺഗ്രസിനെ പോലെ കിടന്ന് കരയാതിരിക്കൂ.. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഒളിച്ചോടി പോകരുത്. ഞങ്ങളോട് പോരാടൂ..(മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കൂ.) ഒരു പത്ത് സീറ്റെങ്കിലും ലഭിച്ചാൽ അത് നിങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും' മനീഷ് സിസോദിയ പരിഹസിച്ചു.
മുനിസിപ്പൽ ജീവനക്കാരുടെ 13,000 കോടി രൂപ ഡൽഹി സർക്കാർ അപഹരിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വാർത്താസമ്മേളനം നടത്തിയതിന് പിറകെയാണ് മനീഷ് സിസോദിയ തിരിച്ചടിച്ചത്. രാജ്യ തലസ്ഥാനത്ത് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കുക്കുന്നത് ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വിമർശനത്തിന് പിറകെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
കെജരിവാളിനോട് ഞാൻ ചോദിക്കുകയാണ്. കഴിഞ്ഞ വർഷം കോർപറേഷനിൽ ഏന്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾ നടന്നോ? ഡൽഹി സർക്കാർ കോർപറേഷൻ ഉദ്യോഗസ്ഥരുടെ 13000 രൂപ കവർന്നെടുക്കുകയായിരുന്നില്ലേ? കോർപറേഷൻ ട്രഷറി കാലിയാക്കാനല്ലേ കെജരിവാൾ ശ്രമിച്ചത്? - സ്മൃതി ഇറാനി ചോദിച്ചു. മുനിസിപ്പൽ കോർപറേഷന്‍റെ അക്കൗണ്ടിൽ കെജരിവാൾ 13000 കോടി രൂപ നിക്ഷേപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.